ഫോമ ബിസിനസ് ഫോറം രൂപംകൊള്ളുന്നു

03:22 PM Nov 21, 2020 | Deepika.com
ന്യൂജഴ്‌സി : അനിയന്‍ ജോര്‍ജ് നേതൃത്വം നല്‍കുന്ന ഫോമയുടെ 2020 -22 ടീമിന്റെ നേതൃത്വത്തില്‍ ഫോമാ ബിസിനസ് ഫോറം രൂപംകൊള്ളുന്നു. നോര്‍ത്ത് അമേരിക്കയിലെ പുതിയ ബിസിനസ് സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും, ബിസിനസ് രംഗത്ത് നിലനിര്‍ത്തുന്നതിനും വിജയകരമായ ഫോര്‍മുലകള്‍ പരസ്പരം പങ്കുവയ്ക്കുന്നതിനും അതോടൊപ്പം നോര്‍ത്ത് അമേരിക്കന്‍ മലയാളി കമ്യൂണിറ്റിയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് മികച്ച പിന്തുണ നല്‍കുന്നതിനും ഫോമാ ബിസിനസ് ഫോറം നേതൃത്വം നല്‍കുമെന്ന് ഫോമാ എക്‌സിക്യൂട്ടീവ് അറിയിച്ചു.

ബിസിനസ് കമൂണിറ്റിയും സംരംഭകരും തമ്മിലുള്ള സഹകരണവും പങ്കാളിത്തവും വളര്‍ത്തിയെടുത്ത് മലയാളി ബിസിനസുകാരുടെ ഒരു ആഗോള ശൃംഖല രൂപപ്പെടുത്തിയെടുക്കുകയാണ് ഇതിലൂടെ സംഘാടകര്‍ ലക്ഷ്യമിടുന്നത്.

പോളിസികളിലും നികുതി വിഷയങ്ങളിലും വരുന്ന മാറ്റങ്ങള്‍ കൃത്യതയോടെ പ്രഗല്‍ഭരുമായി ചര്‍ച്ചകള്‍ നടത്തുന്നതിനും അതാത് സമയങ്ങളില്‍ അറിയിപ്പുകള്‍ നല്‍കുന്നതിനും ഈ പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുമെന്ന് ഫോമാ അറിയിച്ചു. 12 റീജിനുകളിലായി ഫോമാ ബിസിനസ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും അതിലൂടെ അതാത് ഓരോ റീജനുളുടെയും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഫോമാ നാഷണല്‍ കമ്മിറ്റി തീരുമാനിച്ചു.

സാമ്പത്തിക സ്‌പെക്ട്രത്തിന്റെ എല്ലാ തലങ്ങളിലുമുള്ള, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ മലയാളി സമൂഹത്തില്‍ പ്രാഗത്ഭ്യം നേടിയ പതിനഞ്ചോളം ബിസിനസ് പ്രഗല്‍ഭര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച് നിര്‍ദേശങ്ങള്‍ നല്‍കുകയും പ്രവര്‍ത്തനക്ഷമമായ ഒരു അഞ്ചംഗ വര്‍ക്കിംഗ് കമ്മിറ്റിയുമാണ്

ഫോമാ ബിസിനസ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഫോമാ ബിസിനസ് ഫോറം പ്രവര്‍ത്തനപന്ഥാവില്‍ എത്തുമ്പോള്‍ നോര്‍ത്ത് അമേരിക്കയിലെ മലയാളി ബിസിനസ് സംരംഭകര്‍ ആഗോള വ്യവസായ ശൃംഖലയുടെ ഭാഗമാകുകയും ഉന്നത നിലവാരത്തിലേക്ക് എത്തപ്പെടുകയും ചെയ്യുമെന്ന് ഫോമായുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്, ജോയിന്‍ ട്രഷറര്‍ ബിജു തോണികടവില്‍ എന്നിവര്‍ അറിയിച്ചു. വരുംദിവസങ്ങളില്‍ ബിസിനസ് ഫോറത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധികരിക്കുന്നതാണ്.

റിപ്പോര്‍ട്ട്: അജു വാരിക്കാട് (ഫോമാ ന്യൂസ് ടീം)