എസ്എംസിഎ കുവൈറ്റ് ആഗോള നസ്രാണി കലോത്സവം: രജിസ്‌ട്രേഷൻ ആരംഭിച്ചു

04:32 PM Oct 31, 2020 | Deepika.com
കുവൈറ്റ്: ഗൾഫിലെ ആദ്യ സീറോ മലബാർ അൽമായ സംഘടനയായ എസ്എംസിഎ കുവൈറ്റിന്‍റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന ആഗോള നസ്രാണി കലോത്സവത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വക്കേറ്റ് ബിജു പറയനിലം ഫേസ്ബുക് ലൈവ് ആയാണ് കലോത്സവത്തിന്റെ പ്രഖ്യാപനം നടത്തിയത്.

ലോകമെമ്പാടുമുള്ള നസ്രാണികൾ ഒരേ വേദിയിൽ അണിനിരക്കുക എന്നത് ഒരു ചരിത്ര സംഭവം ആണെന്നും അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എസ്എംസിഎ വൈസ് പ്രസിഡന്റ് സുനിൽ റാപ്പുഴ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇരുപതോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. കത്തോലിക്കാ കോൺഗ്രസ് ഹാർട്ട് ലിങ്ക്‌സ് ഗ്ലോബൽ ചെയർമാൻ ഷെവലിയർ ഡോ.മോഹൻ തോമസ് ആശംസകൾ അർപ്പിച്ചു. എസ്എംസിഎ ജനറൽ സെക്രട്ടറി ബിജു പി ആന്റോ, ട്രഷറർ വിൽ‌സൺ വടക്കേടത്, ജൂബിലി ജനറൽ കൺവീനർ ബിജോയ് പാലക്കുന്നേൽ, ജൂബിലി സ്റ്റേജ് ആൻഡ് കൊയർ കൺവീനർ ബെന്നി പെരികിലത്ത്, എസ്എംസിഎആട്സ് കൺവീനർ ബൈജു ജോസഫ് എന്നിവർ സംസാരിച്ചു.

www.smcakuwait.org വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നസ്രാണി കലോത്സവം എന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നവർക്കാണ് മത്സരത്തിൽ പങ്കെടുക്കാനാവുക. 2013 നവംബർ 30 നോ അതിനു മുൻപോ ജനിച്ച ഏതൊരു മലയാളി ക്രിസ്ത്യാനിക്കും രജിസ്റ്റർ ചെയ്യാവുന്നതാണ്. മലയാളത്തിലായിരിക്കും മത്സരങ്ങൾ. പ്രായമനുസരിച്ചുള്ള അഞ്ചു ഗ്രൂപ്പു കളായി തിരിച്ച് പന്ത്രണ്ടു ഇനങ്ങളിലായി മത്സരങ്ങൾ നടക്കും. നവംബർ ഇരുപതിന് രേങിസ്ട്രറേൻ അവസാനിക്കും. ഒരോ മത്സരാർത്ഥിക്കും ഉള്ള CHEST NUMBER നവംബർ ഇരുപത്തിമൂന്നാം തീയതി വാട്ട്സ് ആപ്പിലൂടെ മത്സരാർത്ഥിക്ക് നൽകും. ഇതണിഞ്ഞു കൊണ്ടുവേണം മത്സര വീഡിയോ റെക്കോർഡ് ചെയ്യുവാൻ. എൻട്രികൾ സമർപ്പിക്കേണ്ട അവസാന ദിവസം ഡിസംബർ പതിനഞ്ചാണ്. പ്രഗത്ഭരായ വിധികർത്താക്കൾ ഉൾപ്പെടുന്ന പാനൽ വിജയികളെ കണ്ടെത്തും. 2021 ജനുവരി ഒന്നാം തീയതി നടക്കുന്ന രജത ജൂബിലി സമ്മേളനത്തിൽ വിജയികളെ പ്രഖ്യാപിക്കും. കൂടുതൽ വിവരങ്ങൾക്ക് + 965 9927 3123 / 6661 7061 / 9600 5247 എന്നീ നമ്പറുകളിൽ വാട്ട്സ് ആപ്പ് മുഖേന ബന്ധപ്പെടുകയോ www.smcakuwait.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.

റിപ്പോർട്ട്: സലിം കോട്ടയിൽ