പെൻസിൽവാനിയിൽ ഒത്തുചേരലുകളും ആഘോഷങ്ങളും ഒഴിവാക്കുവാൻ നിർദ്ദേശം

08:51 AM Oct 31, 2020 | Deepika.com
പെൻസിൽവാനിയ: കോവിഡ് കേസുകളുമായി ആശുപത്രിയിൽ രോഗികൾ വർധിക്കുന്ന സാഹചര്യം തുടരുന്നതിനാൽ ഹാലോവീൻ, താങ്ക്സ്‌ ഗീവിംഗ്, ക്രിസ്മസ്, ഹാനുക്ക, ക്വാൻസ എന്നീ ആഘോഷങ്ങൾക്കായി പെൻസിൽവാനിയ നിവാസികൾ അവരുടെ വീടിന് പുറത്തുള്ള ആരുമായും ആഘോഷങ്ങളോ ഒത്തുചേരലുകളോ നടത്തരുതെന്ന് പെൻസിൽവേനിയ ഹെൽത്ത് ഡിപ്പാർട്ട്മെന്‍റ് സെക്രട്ടറി റേച്ചൽ ലെവിൻ മുന്നറിയിപ്പ് നൽകി.

വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തിൽ, സാമൂഹിക ഒത്തുചേരലുകൾ, പാർട്ടികൾ, ഡിന്നറുകൾ എന്നിവ ഒഴിവാക്കാൻ ന്യൂജേഴ്‌സി ഗവർണർ ഫിൽ മർഫിയും ആവശ്യപ്പെട്ടു.

വൈറസ് വ്യാപനത്തിന്‍റെ കുതിപ്പ് തുടരുന്നുവെങ്കിലും വൈറസ് അതിരൂക്ഷമായിരുന്ന മുൻ ആദ്യഘട്ടത്തിൽ ഉപയോഗിച്ച മഞ്ഞ, ചുവപ്പ് കളർ കോഡഡ് ഷട്ട്ഡൗൺ എന്നീ നടപടികൾ വീണ്ടും ഏർപ്പെടുത്തുന്നതിനെക്കുറിച്ച് പെൻസിൽവാനിയ അധികൃതർ ഇപ്പോൾ ആലോചിക്കുന്നില്ലെന്നും ആരോഗ്യ സെക്രട്ടറി റേച്ചൽ ലെവിൻ പറഞ്ഞു.

റിപ്പോർട്ട്: രാജു ശങ്കരത്തിൽ