എംഎസിഎഫ് സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി

11:55 AM Oct 28, 2020 | Deepika.com
റ്റാമ്പാ: മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ 2020 ഓണാഘോഷങ്ങളോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളുടേയും, ഹൈസ്കൂള്‍ വിജയികളുടേയും സമ്മാനദാനം ഒക്ടോബര്‍ 18 നു എംഎസിഎഫ് കേരള സെന്‍ററില്‍ നടത്തി. വടക്കേ അമേരിക്കയില്‍ ഈ വര്‍ഷം നടത്തപ്പെട്ട ആദ്യത്തെ വിര്‍ച്വല്‍ ഓണാഘോഷവും മത്സരങ്ങളും എംഎസിഎഫിന്റേതായിരുന്നു. "മാവേലിക്ക് ഒരു മാസ്ക്' എന്ന പേരില്‍ നടത്തിയ എംഎസിഎഫ് 2020 ഓണ്‍ലൈന്‍ ഓണംഷോ ഇത്തരത്തില്‍ നടത്തിയ ആദ്യത്തെ ഓണാഘോഷം ആയിരുന്നു.

എംഎസിഎഫ് വര്‍ഷങ്ങളായി ഹൈസ്കൂള്‍ തലത്തില്‍ മികച്ച വിജയം നേടിയവര്‍ക്ക് അവാര്‍ഡ് നല്‍കിയിരുന്നു. ഈ വര്‍ഷവും മികച്ച പ്രകടനം കൈവരിച്ച രണ്ടു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് നല്‍കി. ഇതോടൊപ്പം തന്നെ ഡാനിയേല്‍ ആന്‍ഡ് അമ്മിണി ചെറിയാന്‍ ട്രസ്റ്റ് ഫണ്ടിന്റെ വകയായി ഹൈസ്കൂള്‍ സ്‌കോളര്‍ഷിപ് ഈ വര്‍ഷം മുതല്‍ നല്‍കി തുടങ്ങി എന്നത് എംഎസിഎഫിനു മറ്റൊരു അഭിമാനമാണ്.

ഓണാക്കാഴ്ചകള്‍ എന്ന പേരില്‍ എംഎസിഎഫ് ആറ് ഇനങ്ങളിലായി നടത്തിയ മത്സരങ്ങളുടെ സമ്മാനദാനവും നിര്‍വഹിച്ചു . മികച്ച മത്സരാര്‍ത്ഥികളെകൊണ്ടും, പ്രഗത്ഭരായ വിധികര്‍ത്താക്കളെ കൊണ്ടും ഈ മത്സരങ്ങള്‍ വളരെയധികം പ്രശംസ നേടിയിരുന്നു. 5 വയസ് മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ പെയിന്റിംഗ്, പ്രസംഗം, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്, ഫോട്ടോ കോണ്ടെസ്റ്റ് തുടങ്ങിയ ഇനങ്ങളില്‍ മാറ്റുരച്ചു. 18 വയസിനു മുകളില്‍ ഉള്ളവര്‍ക്കായി പാട്ട്, ഫോട്ടോ കോണ്ടെസ്റ്റ്, അത്തപൂക്കളം തുടങ്ങിയ മത്സരങ്ങള്‍ ഉണ്ടായിരുന്നു.

കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ ചടങ്ങില്‍ എംഎസിഎഫ് പ്രസിഡന്റ് ഷാജു ഔസേഫ് അധ്യക്ഷന്‍ ആയിരുന്നു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ പ്രസിഡന്റ് ഷാജു ഔസേഫ്, ഡാനിയേല്‍ ചെറിയാന്‍, മാര്‍ട്ടിന്‍ ചിറ്റിലപ്പിള്ളി, അഞ്ജന കൃഷ്ണന്‍ തുടങ്ങിയവര്‍ വിതരണം ചെയ്തു. തുടര്‍ന്നുള്ള എംഎസിഎഫിന്റെ പരിപാടികള്‍ക്കും എല്ലാവരുടെയും സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നതായി ഡാനിയേല്‍ ചെറിയാന്‍ നന്ദി പ്രസംഗത്തില്‍ പറഞ്ഞു.