ഹൂസ്റ്റണ്‍: സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ കാവൽപിതാവും മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരിശുദ്ധ പരുമല തിരുമേനിയുടെ നൂറ്റിപ്പതിനെട്ടാമത് ഓർമ്മ പെരുന്നാളും കണ്‍വൻഷനും ആ പുണ്യപിതാവിന്റെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ ഈ ദേവാലയത്തിൽ ഒക്ടോബർ ഇരുപത്തിയഞ്ച് ഞായറാഴ്ച കൊടിയേറിയതു മുതൽ നവംബർ 1 ഞായർ വരെ സമുചിതമായി ആഘോഷിക്കുന്നു.
പരിശുദ്ധ പിതാവിന്റെ മധ്യസ്ഥതയിൽ അഭയം പ്രാപിച്ചുകൊണ്ടു നടത്തപ്പെടുന്ന പെരുനാൾ ശ്രുശ്രുഷകളിൽ പ്രാർഥനാപൂർവം സംബന്ധിക്കുവാൻ എല്ലാ വിശ്വാസികളെയും സന്തോഷപൂർവം സ്വാഗതം ചെയ്യുന്നു . പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വിശ്വാസികൾ എല്ലാവരും പള്ളിയുടെ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന ലിങ്ക് വഴി പേരും മറ്റുവിവരങ്ങളും രജിസ്റ്റർ ചെയ്യുകയും ,കോവിഡ് മാനദണ്ഡങ്ങളും മാർഗനിർദ്ദേശങ്ങളും പാലിച്ചു് ഭക്തിപുരസ്സരം പെരുനാളിൽ പങ്കെടത്തു അനുഗ്രഹം പ്രാപിക്കണമെന്ന് ഇടവക സെക്രട്ടറി യൽദോ പീറ്റർ അറിയിച്ചു.
വിശ്വാസികളുടെ സൗകര്യാർഥം ഒക്ടോബർ 28 ബുധനാഴ്ച വൈകിട്ട് 6.30 ന് സന്ധ്യാനമസ്കാരവും തുടർന്ന് റവ. ഫാ ജോർജ് മാത്യു (സജീവ് അച്ചൻ)ന്റെ കാർമ്മികത്വത്തിൽ വി .കുർബാനയും, മധ്യസ്ഥാപ്രാർഥനയും. ഒക്ടോബർ 30ന് വെള്ളിയാഴ്ച രാവിലെ 8.30ന് പ്രഭാത നമസ്കാരവും തുടർന്ന് മുൻ വികാരി റവ. ഫാ. രാജേഷ് കെ.ജോണ്‍ വിശുദ്ധ കുർബാനക്കും മദ്ധ്യസ്ഥ പ്രാർഥനക്കും നേതൃത്വം നൽകും.
ഒക്ടോബർ 29, 30 തീയതികളിൽ വൈകിട്ട് 6.30 സന്ധ്യാനമസ്കാരവും മധ്യസ്ഥാപ്രാർഥനയും തുടർന്ന് ഹുസ്റ്റണിലെ വൈദികരുടെ നേതൃത്വത്തിൽ വചനപ്രഘോഷണവും ഉണ്ടായിരിക്കുന്നതാണ്. ഒക്ടോബർ 31 ന് ശനിയാഴ്ച രാവിലെ 8.30ന് പ്രഭാതനമസ്കാരവും മുൻവികാരി റവ. ഫാ. പി.എം. ചെറിയാന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയും മധ്യസ്ഥ പ്രാർഥനയും തുടർന്ന് ആധ്യാത്മിക സംഘടനകളുടെ വാർഷികവും കൊണ്ടാടുന്നതാണ്.
ശനിയാഴ്ച വൈകിട്ട് 6.30 ന് സന്ധ്യാനമസ്കാരവും, മധ്യസ്ഥപ്രാർഥനയും അതേത്തുടർന്ന് ഭക്തി നിർഭരമായ റാസയും ഉണ്ടായിരിക്കും നവംബർ ഒന്നാം തിയതി ഞായറാഴ്ച രാവിലെ 8.30 ന് പ്രഭാത നമസ്കാരവും റവ ഫാ. ഐസക് ബി. പ്രകാശിന്റെ പ്രധാനകാർമികത്വത്തിൽ മൂന്നുമേൽ കുർബാനയും, ഭക്തി നിർഭരമായ റാസയും ഉണ്ടായിരിക്കും അതിനുശേഷം ആശിർവാദത്തോടുകൂടി പെരുനാൾ ആഘോഷങ്ങളുടെ കൊടിയിറങ്ങും. പെരുനാൾ ശുശ്രുഷകൾ എല്ലാം പള്ളിയുടെ വെബ്സൈറ്റിൽ ലൈവ് ടെലികാസ്റ്റിൽ കാണാവുന്നതാണെന്ന് ഇടവക വികാരി റവ. ഫാ. വർഗീസ് തോമസ്, അസി. വികാരി റവ. ഫാ, ക്രിസ്റ്റഫർ മാത്യു, ട്രസ്റ്റി സാബു പുന്നൂസ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
റിപ്പോർട്ട് : ജീമോൻ റാന്നി
ഹൂസ്റ്റണ്‍ സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവക പെരുനാൾ കൊടിയേറി
12:51 AM Oct 28, 2020 | Deepika.com