അബുദാബി : ആദ്യഫലങ്ങൾ ദേവാലയത്തിൽ സമർപ്പിച്ച് ദൈവത്തിന് നന്ദി അർപ്പിക്കുന്ന കൊയ്ത്തു ഉൽസവത്തിന് അബുദാബി സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ തുടക്കം കുറിച്ചു. രണ്ടു മാസം നീണ്ടുനിൽക്കുന്ന പ്രാർഥനായജ്ഞത്തിനും ഇതോടെ തുടക്കമായി .
ലുലു എക്സ്ചേഞ്ച് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് ഉദ്ഘാടനകർമ്മം നിർവഹിച്ചു. ശശി തരൂർ എം പി, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, വീണാ ജോർജ് എംഎൽഎ എന്നിവരും ചടങ്ങളിൽ പങ്കെടുത്തു. നൂറുകണക്കിന് ആളുകൾ സൂം പ്ലാറ്റ്ഫോമിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. ഡിസംബർ 25 വരെ നീളുന്ന വിവിധ പരിപാടികളോടെയാണ് ഇക്കുറി കൊയ്ത്തുത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
കൊച്ചി ഭദ്രാസനാധിപൻ യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത പ്രാർഥനാ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഇടവക വികാരി ഫാ. ബെന്നി മാത്യു, ട്രസ്റ്റി നൈനാൻ തോമസ് പണിക്കർ സെക്രട്ടറി ജോണ്സണ് കാട്ടൂർ, ജോയിൻ ട്രസ്റ്റി സജി തോമസ് ,ജോയിൻ സെക്രട്ടറി ജോബി ജോർജ് ,മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തുത്സവത്തിന് തുടക്കമായി
12:31 AM Oct 28, 2020 | Deepika.com