അബുദാബി: അബുദാബിയിലെ മുഴുവൻ താമസക്കാർക്കും ഫ്ളൂ വാക്സിൻ സൗജന്യമായി നൽകാൻ തീരുമാനം. അബുദാബിയിലെ എല്ലാ സേഹാ ഹെൽത്ത് കെയർ സെന്ററിലും ഫ്ളൂ വാക്സിൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഏതാനം കേന്ദ്രങ്ങളിൽ ഡ്രൈവ് ത്രൂ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് സേഹ അറിയിച്ചു.
യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്വയം സംരക്ഷിക്കൂ, നിങ്ങളുടെ സമൂഹത്തെ സംരക്ഷിക്കൂ എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായാണ് സൗജന്യ വാക്സിനേഷൻ ഏർപ്പെടുത്തിയിരിക്കുന്നത്. ശൈത്യകാലാവസ്ഥ മൂലമുണ്ടാകുന്ന പകർച്ച പനിക്കെതിരെ സമൂഹത്തെ ബോധവൽക്കരിക്കുന്നതിനും ആരോഗ്യമേഖലയിലെ പ്രവർത്തകരുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ആരോഗ്യമന്ത്രാലയം പ്രചാരണം സംഘടിപ്പിച്ചിരിക്കുന്നത്.
വാക്സിൻ ലഭിക്കുന്നതിന് 800 50 എന്ന നന്പറിൽ വിളിച്ചു അപ്പോയ്ന്റ്മെന്റ് എടുക്കണമെന്ന് സേഹ നിർദ്ദേശിച്ചു. കോവിഡ് പരിശോധനക്ക് എത്തുന്നവരിൽ ശാരീരികമായി ക്ഷീണമുള്ളവർക്കും പനിയുടെ വാക്സിൻ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഫ്ലൂ വാക്സിൻ വീടുകളിൽ എത്തി നൽകുന്നതിന് അബുദാബിയിലും അലൈനിലും സേഹ സൗകര്യം ഒരുക്കിയിട്ടുണ്ട്. 500 ദിർഹമാണ് ഒരു വീട്ടിൽ എത്തി വാക്സിൻ നൽകുന്നതിന് നിരക്ക് ഈടാക്കുന്നത്. കന്പനികൾക്കും ഈ സേവനം ഉപയോഗപ്പെടുത്താമെന്നാണ് അറിയിച്ചിരിക്കുന്നത്. ഷുഴ
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
അബുദാബിയിൽ സൗജന്യമായി ഫ്ളൂ വാക്സിൻ വിതരണം
11:54 PM Oct 27, 2020 | Deepika.com