ജിദ്ദ: ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളും സോഷ്യൽ മീഡിയയും സമൂഹത്തിന്റെ ഗുണങ്ങളെ മുൻ നിർത്തിയായിരിക്കണം ഒരോരുത്തരും പ്രയോജനപ്പെടുത്തേണ്ടതെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും തേജസ് ന്യൂസ് എഡിറ്ററുമായ പി.എ.എം. ഹാരിസ് പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ഫോറം സൗദി കേരള കോഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ഓണ്ലൈൻ മാധ്യമ ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെയും സാമൂഹ്യമാധ്യമങ്ങളുടെയും സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വളച്ചുകെട്ടില്ലാതെ വാർത്തകൾ എത്രയുംവേഗം ജനങ്ങളിൽ എത്തിക്കുകയെന്നതാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വേണ്ട പൊതുവായ ഗുണമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനം മൂലം മാറിയ സാഹചര്യത്തിൽ സമൂഹത്തിന് ഗുണകരമായ പല കാര്യങ്ങളും മീഡിയകളിലൂടെ ചെയ്യാൻ നമുക്ക് സാധിക്കുമെന്നും നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അത് ഏകോപിപ്പിക്കാനും എളുപ്പത്തിലാക്കാനും വിവിധ പ്രദേശത്തുള്ളവർക്ക് സാധിക്കുന്ന തരത്തിലേക്ക് മാധ്യമരംഗം ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദിയിലെ റിയാദ്, ദമാം, ജിദ്ദ, അബഹ എന്നീ റീജണൽ കമ്മിറ്റികൾക്ക് കീഴിൽ തെരഞ്ഞെടുത്ത പ്രതിനിധികൾക്കാണ് ശിൽപശാല സംഘടിപ്പിച്ചത്.
പരിപാടി ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ പ്രസിഡന്റ് അഷ്റഫ് മൊറയൂർ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തന രംഗത്ത് മത്സരബുദ്ധി നല്ലതാണെന്നും എന്നാൽ അത് വ്യക്തിഹത്യക്കോ അബദ്ധ പ്രചാരണങ്ങൾക്കോ ആയിക്കൂടെന്ന് അഷ്റഫ് മൊറയൂർ ഉദ്ബോധിപ്പിച്ചു.
സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഇ.എം. അബ്ദുല്ല, ശംസുദ്ദീൻ മലപ്പുറം എന്നിവർ ആശംസകളർപ്പിച്ചു. സോഷ്യൽ ഫോറം മീഡിയ കോഓർഡിനേറ്റർ നമീർ ചെറുവാടി സ്വാഗതം പറഞ്ഞു. ബഷീർ കാരന്തൂർ (റിയാദ്), ഹനീഫ കിഴിശേരി (ജിദ്ദ), മൻസൂർ എടക്കാട് (ദമാം), മുഹമ്മദ്കോയ ചേലേന്പ്ര (അബഹ) എന്നിവർ ശിൽപശാലയ്ക്ക് നേതൃത്വം നൽകി.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ
മാധ്യമ പ്രവർത്തനം സമൂഹത്തിന് ഗുണകരമായി പ്രയോജനപ്പെടുത്തണം: പി.എ.എം. ഹാരിസ്
11:51 PM Oct 27, 2020 | Deepika.com