ലോകത്തിലെ ഏറ്റവും വലിയ ജലധാരയ്ക്കുള്ള ഗിന്നസ് റെക്കോർഡ് ദുബായ് പാം ഫൗണ്ടന്

04:08 PM Oct 26, 2020 | Deepika.com
ദുബായ് : ലോകത്തിലെ ഏറ്റവും വലിയ ജലധാരയ്ക്കുള്ള ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ദുബായിലെ പാം ഫൗണ്ടൻ. ബുർജ് ഖലീഫയുടെ മുന്നിലെ ജലധാരയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പാം ജുമൈറയിലെ 'പാം ഫൗണ്ടെയ്ൻ' റെക്കോർഡ് സ്വന്തമാക്കിയത്.

പാം ജുമൈറയിലെ ലൈഫ്‌സ്‌റ്റൈൽ ആൻഡ് ഡൈനിങ്ങ് കേന്ദ്രമായ പോയിന്റെ യിലാണ് പുതിയ ഫൗണ്ടൻ സ്ഥാപിച്ചിരിക്കുന്നത് . 105 മീറ്റർ ഉയരത്തിൽ ഉയർന്നുപൊങ്ങിയ ജലധാര ഉദ്ഘാടന ദിവസം തന്നെ ലോകത്തിലെ ഏറ്റവും വലിയ ഫൗണ്ടെയ്ൻ എന്ന റെക്കോഡും സ്വന്തമാക്കി.ഡി.ജെ, ഡാൻസ്, കരിമരുന്ന് പ്രയോഗം തുടങ്ങിയവയുടെ അകമ്പടിയോടെയാണ് പുതിയ ഫൗണ്ടെയ്നെ ദുബൈ സ്വാഗതം ചെയ്തത്.

ദിവസവും വൈകീട്ട് ഏഴുമുതൽ രാത്രി 12 വരെയാണ് ഇവിടെ ഫൗണ്ടെയ്ൻ ഷോ നടക്കുന്നത്. 20 ഷോയിലായി അഞ്ച് വ്യത്യസ്ത പ്രകടനങ്ങളുണ്ടാവും.പോപ്,ക്ലാസിക്, ഖലീജി എന്നിവക്ക് പുറമെ വിവിധ അന്താരാഷ്ട്ര സംഗീതങ്ങൾക്കനുസൃതമായി ജലനൃത്തവും നടക്കും. ഓരോ 30 മിനിറ്റ് കൂടുമ്പോഴും മൂന്ന് മിനിറ്റ് ഷോ വീതമുണ്ടാകും. 3,000 എൽ.ഇ.ഡി ലൈറ്റുകളാണ് നിറം പകരുന്നത്. ഇരുവശങ്ങളിലായി 86 സ്പീക്കറുകളും ഒരുക്കിയിട്ടുണ്ട്.14,000 ചതുരശ്ര അടിയിലായി സ്ഥാപിച്ചിരിക്കുന്ന ഫൗണ്ടെയ്ൻ 105 മീറ്റർ വരെ ഉയർന്ന് കാഴ്ചക്കാർക്ക് ഹരം പകരുകയും ചെയ്യും.

റിപ്പോർട്ട്: അനിൽ സി ഇടിക്കുള