33 കിലോഗ്രാം മയക്കുമരുന്ന് വിതരണം ചെയ്യുന്നതിനുള്ള ശ്രമം തടഞ്ഞു

02:22 PM Oct 26, 2020 | Deepika.com
അബുദബി: 33 കിലോഗ്രാം മയക്കുമരുന്ന് രാജ്യത്തിനുള്ളിൽ വിതരണം ചെയ്യുന്നതിനുള്ള ശ്രമത്തെ ദുബായ് പോലീസ് വിഫലമാക്കി. ഷാർജ പോലീസിന്റെ കൂടി സഹകരണത്തോടെയാണ് മയക്കു മരുന്ന് വേട്ട നടത്തിയത്.

സ്റ്റെപ് ബൈ സ്റ്റെപ് എന്ന് പേരിട്ട ഓപ്പറേഷനിലൂടെ അന്തരാഷ്ട്ര ബന്ധമുള്ള മയക്കു മരുന്ന് സംഘത്തെയാണ് പിടിച്ചതെന്നു ദുബായ് പോലീസ് ചീഫ് ലെഫ്റ്റനന്റ് ജെനെറൽ അബ്ദുല്ലാഹ് ഖലീഫ അൽ മെരി അറിയിച്ചു.മയക്കു മരുന്ന് മറിച്ചു വിൽക്കാൻ ശ്രമിച്ച മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. സംഘത്തിലെ രണ്ടു പേരെയും , മയക്കു മരുന്നിന്റെ സൂക്ഷിപ്പ് കേന്ദ്രവും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ദുബായ് പോലീസ് ന്റെ നിരീക്ഷണത്തിലായിരുന്നു. സംഘത്തലവന്റെ നിർദ്ദേശാനുസരണം 22 കിലോ മയക്കു മരുന്ന് ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിലേക്ക് മാറ്റുന്നതിനുള്ള ശ്രമത്തിനിടെയാണ് പോലീസിന്റെ പിടിയിലായത്. ബാക്കിയുള്ള 11 കിലോ മയക്കുമരുന്ന് ശേഖരിക്കാൻ എത്തിയതോടെ മൂന്നാമത്തെ ആളിനെ പോലീസ് പിടികൂടിയത്. പിടികൂടിയവരെ ദുബായ് പ്രോസിക്യൂഷന് കൈമാറിയെന്നും പോലീസ് അറിയിച്ചു.

റിപ്പോർട്ട് : അനിൽ സി ഇടിക്കുള