ടെക്സസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്

07:04 PM Oct 20, 2020 | Deepika.com
ഓസ്റ്റിൻ: ടെക്സസിലെ വിവിധ ആശുപത്രികളിൽ ഒക്ടോബർ 19 വരെയുള്ള കണക്ക് അനുസരിച്ച് 4319 കോവിഡ് രോഗികളെ ചികിത്സക്കായി പ്രവേശിപ്പിച്ചുവെന്ന് ടെക്സസ് ഡിപ്പാർട്ട്മെന്‍റ് ഓഫ് ഹെൽത്ത് അധികൃതർ അറിയിച്ചു.

ഓഗസ്റ്റ് 28 നായിരുന്നു ഇതിനു മുമ്പ് ഏറ്റവും കൂടുതൽ രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത് (4422). ഓഗസ്റ്റ് 28നു ശേഷം ഹോസ്പിറ്റലൈസേഷൻ കുറഞ്ഞു വരുന്നതിനിടയിലാണ് ഇപ്പോൾ ഇത്രയും കോവിഡ് രോഗികളെ ഒരു ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതെന്ന് അധികൃതർ പറയുന്നു. സെപ്റ്റംബർ 20, ഒരു മാസം മുമ്പ് കോവിഡ് പോസിറ്റീവായിരുന്ന രോഗികളുടെ എണ്ണം 64,431 ആയിരുന്നുവെങ്കിൽ ഇപ്പോൾ രോഗികളുടെ എണ്ണം ഒരു മാസത്തിനുള്ളിൽ 82,930 ആയി വർധിച്ചത് ആശങ്കാജനകമാണ്.

ടെക്സസിൽ ഒക്ടോബർ 19 വരെ ആകെ കോവിഡ് പോസിറ്റീവ് കണ്ടെത്തിയവരുടെ എണ്ണം 8,28,527 ആയും മരിച്ചവരുടെ എണ്ണം 17,022 ആയും ഉയർന്നിട്ടുണ്ട്. അതേസമയം ഡാളസ് കൗണ്ടിയിൽ മാത്രം 90,000 കോവിഡ് കേസുകൾ കവിഞ്ഞു.ഹൂസ്റ്റണിലെ ഏറ്റവും വലിയ സ്കൂൾ ഡിസ്ട്രിക്റ്റുകൾ ഇന്നു മുതൽ തുറന്ന് പ്രവർത്തനമാരംഭിച്ചു. 1,90,000 കുട്ടികളാണ് സ്കൂളിൽ നേരിട്ട് പഠിക്കുവാൻ എത്തുന്നവർ. മാർച്ച് മുതൽ സ്കൂളുകൾ അടഞ്ഞു കിടക്കുകയാണ്. ഫേസ് മാസ്കുകൾ നിർബന്ധമാണെങ്കിലും അടുത്ത ദിവസങ്ങളിൽ എന്താണ് സംഭവിക്കുക എന്നു പ്രവചനാതീതമാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ