ദുബായ് : ഗ്ലോബൽ വില്ലേജിനെ ദുബായ് നഗരഹൃദയവുമായി ബന്ധിപ്പിക്കുന്ന നാലു ബസ് സർവീസുകൾ ആരംഭിച്ചതായ് ദുബായ് ആർടിഎ അറിയിച്ചു.
റാഷിദിയ മെട്രോ സ്റ്റേഷനിൽ നിന്നാരംഭിക്കുന്ന റൂട്ട് 102 , യൂണിയൻ മെട്രോ സ്റ്റേഷനിൽ നിന്നാരംഭിക്കുന്ന റൂട്ട് 103 , അൽ ഘുബൈബ ബസ് സ്റ്റേഷനിൽ നിന്നാരംഭിക്കുന്ന റൂട്ട് 104 , മാൾ ഓഫ് എമിരേറ്റ്സ് മെട്രോ സ്റ്റേഷനിൽ നിന്നാരംഭിക്കുന്ന റൂട്ട് 106 എന്നിവയാണ് പുതിയ ബസ് സർവീസുകൾ .
ഗ്ലോബൽ വില്ലേജിനുള്ളിൽ സന്ദർശകരെ ഏറെ ആകർഷിക്കുന്ന ഇലക്ട്രിക്ക് അബ്ര സർവീസുകൾ ഒക്ടോബർ 25 മുതൽ പ്രവർത്തനം ആരംഭിക്കുമെന്നും ആർടിഎ വൃത്തങ്ങൾ അറിയിച്ചു. കോവിഡ് രോഗവ്യാപനമുണ്ടാകാത്ത വിധമുള്ള സുരക്ഷാ സൗകര്യങ്ങൾ ബസ് സർവീസുകളിൽ ഏർപ്പെടുത്തുമെന്നും , അത്യാധുനിക സൗകര്യങ്ങൾ നിറഞ്ഞ വോൾവോ ഡീലക്സ് ബസുകളാകും ഗ്ലോബൽ വില്ലേജ് റൂട്ടുകളിൽ സർവീസ് നടത്തുകയെന്നും ആർടിഎ വ്യക്തമാക്കി.
രജത ജൂബിലി ആഘോഷിക്കുന്ന ഗ്ലോബൽ വില്ലേജിൽ എത്തുന്ന സന്ദർശകർക്ക് അസാധാരണവും സവിശേഷവുമായ അനുഭവങ്ങൾ സമ്മാനിക്കാനുള്ള ശ്രമങ്ങളുടെ അവസാനഘട്ട മിനുക്കുപണികളിലാണ് ദുബായ് ആർ ടി എ ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
ഗ്ലോബൽ വില്ലേജ്: നാലു ബസ് സർവീസുകളുമായി ദുബായ് ആർടിഎ
09:36 PM Oct 17, 2020 | Deepika.com