കുവൈറ്റ്: കുവൈറ്റ് അമീറിന്റെ വിയോഗത്തിൽ ജികെപിഎ കുവൈത്ത് ചാപ്റ്റർ ആദരാഞ്ജലികൾ രേഖപ്പെടുത്തി. 2006 ജനുവരി 29 നാണ് അമീർ ഷേഖ് സാബാ അല്അഹ്മദ് അൽ ജാബെർ അൽ സാബാ കുവൈറ്റിന്റെ സാരഥിയായി അധികാരമേറ്റത്.
പ്രവാസി തൊഴിലാളികൾക്ക് ഏറ്റവും ഗുണകരമായ തൊഴിൽ സമയം, വാർഷിക അവധിദിനം, സർവ്വീസ് ഇന്റമിനിറ്റി എന്നിവയിൽ സമഗ്രമായ മാറ്റങ്ങളിലൂടെ 2010ലെ തൊഴിൽ നിയമ ഭേദഗതിയിലൂടെ അദ്ദേഹം പ്രവാസികൾക്ക് ഏറ്റവും പ്രിയങ്കരനായി. 2018, 2020 ലെ ഏറ്റവും ലളിതവൽകരിച്ച രണ്ട് പൊതുമാപ്പുകളും ലേബർ കേസുകളിൽ തൊഴിലാളികൾക്കായ് തുറന്നിട്ട മന്ത്രാലയ വാതിലുകളും അദ്ദേഹത്തിന്റെ കാലയളവിനെ നല്ല ഓർമ്മയായ് നിലനിർത്തുന്നു.
രാജ്യത്തിന്റെ നായകനായി അധികാരമേറ്റ ഷേഖ് സാബായുടെ കാഴ്ചപ്പാടിന്റെ നേർക്കാഴ്ചയാണ് കുവൈറ്റിലങ്ങോളം ഇന്ന് കാണുന്ന വികസനങ്ങൾ. ജാബെർ ആശുപത്രി, പുതിയ വിമാനത്താവളം, അൽ സൂർ എണ്ണ ശുദ്ധീകരണശാല തുടങ്ങിയ വൻ പദ്ധതികൾ, രാജ്യത്തെ വികസനത്തോടെപ്പം, ലോകത്ത് ദുരിതമനുഭവിക്കുന്നവര്ക്ക് സഹായമെത്തിക്കാനും ശ്രദ്ധ പതിപ്പിച്ചിരുന്നു. മിഡിൽ ഈസ്റ്റ് മേഖലയിലെ സമാധാനശ്രമങ്ങളിൽ നിസ്പക്ഷതയും സുതാര്യതയും നിലനിർത്തിയുള്ള ഇടപെടലുകൾ മറ്റ് രാഷ്ട്ര തലവന്മാർക്ക് ഇടയിൽ അദേഹത്തെ വ്യത്യസ്തനാക്കി.
കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് അനുശോചിച്ചു
ഷേക്ക് സബാ അൽ അഹമ്മദ് ഷേക്ക് ജാബർ അൽ സബാഹിന്റെ നിര്യാണത്തിൽ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് അനുശോചിച്ചു. അറബ് ലോകത്തിന്റെ നായകനും അനുരജ്ഞനത്തിലൂടെ ലോക സമാധനത്തിനായി പ്രവർത്തിച്ച ഭരണാധികാരിയായിരുന്നു ഷേക്ക് സബാ അൽ അഹമ്മദ് അൽ ജാബിർ അൽസബ എന്ന് സമാജം പത്രക്കുറിപ്പിൽ പ്രസിഡന്റ് സലിം രാജ് ജനറൽ സെക്രട്ടറി അലക്സ് മാത്യുവും അഭിപ്രായപ്പെട്ടു.
പൽപക് അനുശോചനം രേഖപ്പെടുത്തി
മനുഷ്യത്വത്തിന്റെ പ്രതീകമായിരുന്ന കുവൈത്ത് അമീർ ഷൈഖ് സബാഹ് അൽ അഹമദ് ജാബിർ അൽ സബാഹ്ന്റെ ദേഹവിയോഗത്തിൽ പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി. മനുഷ്യത്വപരമായ പരിഗണനയിൽ സ്വദേശിയെന്നോ വിദേശിയെന്നോ വിവേചനം കാണിക്കാതിരുന്ന ഭരണാധികാരിയായിരുന്നു ഷേഖ് അമീർ സബാഹ് അൽ അഹമ്മദ് എന്നും അദ്ദേഹത്തിന്റെ വേർപാട് കുവൈത്തിൽ ജീവിക്കുന്ന എല്ലാ ജനവിഭാഗത്തിനും നികത്താനാവത്ത നഷ്ടമാണ് ഉണ്ടാക്കിയത്. പൽപക് നടത്തുവാൻ ഉദ്ദേശിച്ച ഗാന്ധിജയന്തി ആഘോഷം അമീറിനോടുള്ള ആദര സൂചകമായി മാറ്റി വച്ചതായും പൽപക് പത്രകുറിപ്പിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റ് അമീറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി
11:20 PM Oct 01, 2020 | Deepika.com