ദോഹ : കോവിഡ് എന്ന മഹാമാരി കാലത്ത് നേരിട്ടുള്ള ബന്ധങ്ങൾക്ക് പ്രാധാന്യമേറുകയാണെന്നും ബിസിനസ് കാർഡ് ഡയറക്ടറി ഈ രംഗത്തെ മഹത്തായ സംഭാവനയാണെന്നും അസീം ടെക്നോളജീസ് സ്ഥാപകനും സിഇഒയുമായ ഷഫീഖ് കബീർ അഭിപ്രായപ്പെട്ടു. റേഡിയോ മലയാളം 98.6 എഫ്.എമ്മിൽ നടന്ന ചടങ്ങിൽ മീഡിയപ്ളസ് പ്രസിദ്ധീകരിച്ച ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറിയുടെ 14ാമത് പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് മഹാമാരി ലോകത്തെ മുഴുവൻ ഡിസ്കണക്ട് ചെയ്തപ്പോഴും ബിസിനസ് ലോകത്തെ ബന്ധിപ്പിക്കുവാൻ ബിസിനസ് കാർഡ് ഡയറക്ടറിക്ക് സാധിച്ചതായി അദ്ദേഹം പറഞ്ഞു. റെഡി റഫറൻസായി പുസ്തകമായും ഓണ്‍ലൈനിലും മൊബൈൽ ആപ്ളിക്കേഷനിലും ലഭ്യമായ ഡയറക്ടറി ബിസിനസ് സമൂഹത്തിന് ഏറെ പ്രയോജനം ചെയ്യുമെന്നാണ് തന്റെ അനുഭവമെന്ന് അദ്ദേഹം പറഞ്ഞു.
കന്പ്യൂട്ടർ സാങ്കേതിക വിദ്യയും സോഫ്റ്റ്വെയറുകളും ബിസിനസിന്റെ വിവിധ വശങ്ങളെ സുതാര്യവും കാര്യക്ഷമവുമാക്കിയത് അന്താരാഷ്ട്രടിസ്ഥാനത്തിൽ തന്നെ ബിസിനസ് രംഗത്ത് മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. ക്ലൗഡ് ടെക്നോളജിയുടെ അനന്ത സാധ്യതകൾ ബിസിനസ് രംഗത്ത് ഉണ്ടാക്കുന്ന വന്പിച്ച മുന്നേറ്റം ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള സംവിധാനമാണ് അസീം ടെക്നോളജി മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രൊഫഷണൽ വെബ്സൈറ്റുകളും ഈ മെയിൽ വിലാസവും പലപ്പോഴും സ്ഥാപനങ്ങളുടെ ആധികാരികതയും വിശ്വസ്തതയും ബോധ്യപ്പെടുത്താൻ സഹായകരമാണ്. ബിസിനസ് കാർഡ് ഡയറക്ടറിയും അസീം ടെക്നോളജീസും കൈ കോർക്കുന്നത് ഈ മേഖലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർക്കറ്റിംഗിലെ നൂതന ആശയമാണ് ബിസിനസ് കാർഡ് ഡയറക്ടറിയെന്നും മിഡിലീസ്റ്റിലെ ഏറ്റവും കാര്യക്ഷമമായ ഈ സംവിധാനവുമായി കൈകോർക്കുന്നതിൽ റേഡിയോ മലയാളത്തിന് ചാരിതാർത്ഥ്യമുണ്ടെന്നും റേഡിയോ മലയാളം സി.ഇ.ഒ. അൻവർ ഹുസൈൻ പറഞ്ഞു.
ദോഹ ബ്യൂട്ടി സെന്റർ മാനേജിംഗ് ഡയറക്ടർ ഡോ. ഷീല ഫിലിപ്പോസ് ഡയറക്ടറിയുടെ ആദ്യ പ്രതി ഏറ്റുവാങ്ങി. റേഡിയോ മലയാളം സി.ഇ.ഒ. അൻവർ ഹുസൈൻ, വി വണ്‍ ഗ്ളോബൽ ട്രാൻസ്പോർട്ട് ് മാനേജിംഗ് ഡയറക്ടർ അബ്ദുൽ ഗഫൂർ, അക്കോണ്‍ ഹോൾഡിംഗ്സ് ചെയർമാൻ ഡോ. ശുക്കൂർ കിനാലൂർ, പാർക്കർ റസ്സൽ ചാർട്ടേർഡ് എക്കൗണ്ടന്റ്സ് മാനേജിംഗ് പാർട്ടണർ സി.എ. ഷാനവാസ് ബാവ, ഖത്തർ ടെക് മാനേജിംഗ് ഡയറക്ടർ ജെബി കെ. ജാണ്, എന്നിവർ വിശിഷ്ട അതിഥികളായി സംബന്ധിച്ചു.
ഗൾഫ് പരസ്യ വിപണിയിൽ ഉപഭോക്താക്കൾക്ക് സംരംഭകരുമായി നേരിട്ട് ബന്ധപ്പെടുവാൻ അവസരമൊരുക്കി 2007ൽ തുടങ്ങിയ ഡയറക്ടറി ഓരോ വർഷവും കൂടുതൽ പുതുമകളോടെ വളരെ വേഗത്തിലാണ് ഉപഭോക്താക്കളുടെയും സംരംഭകരുടെയും ഇടയിൽ സ്വീകാര്യത നേടിയതെന്ന് മീഡിയ പ്ലസ് സിഇഒയും ഡയറക്ടറിയുടെ ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. .
മഹാമാരി കാലത്ത് നേരിട്ടുള്ള ബന്ധങ്ങൾക്ക് പ്രാധാന്യമേറുന്നു : ഷഫീഖ് കബീർ
11:10 PM Oct 01, 2020 | Deepika.com