കുവൈറ്റ് സിറ്റി : അന്തരിച്ച കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. അമേരിക്കയിൽ നിന്ന് കുവൈറ്റ് എയര്‍വേയ്സിന്റെ പ്രത്യേക വിമാനത്തില്‍ ഭൗതിക ശരീരം ഇന്ന് ഉച്ചയ്ക്കാണ് കുവൈറ്റിലെത്തിച്ചത്. വിമാനത്താവളത്തില്‍ നിന്ന് ഭൗതിക ശരീരം നേരെ ജുനൂബ് സുറയിലെ സാദിഖ് പ്രദേശത്തുള്ള മസ്ജിദ് അല്‍ ബിലാല്‍ അല്‍ റബീഹിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് മയ്യത്ത് നിസ്കാരം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം സുലൈബിക്കാത്ത് ഖബറിസ്ഥാനിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് സുലൈബിക്കാത്ത് ഖബർസ്ഥാനിയിൽ കോവിഡ് മാർഗ നിർദേശങ്ങൾ പാലിച്ച് നിയന്ത്രണങ്ങളോടെയാണ് സംസ്കാര ചടങ്ങുകള്‍ പൂർത്തിയാക്കിയത്.
പുതിയ അമീർ നവാഫ് അല്‍ അഹ്മദ് അല്‍ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ്, മൂത്ത പുത്രനും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് നാസര്‍ അല്‍ സബാഹ് അല്‍ അഹ്മദ്, ദേശീയ അസംബ്ലി സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം, കുടുബാംഗങ്ങള്‍, മന്ത്രിമാര്‍, മറ്റു പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബറിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി
07:58 PM Sep 30, 2020 | Deepika.com