ജനസംഖ്യാ അസന്തുലിത്വം: കരട് നിയമത്തിന് കുവൈറ്റ് പാര്‍ലമെന്‍റ് മാനവ വിഭവശേഷി വികസന സമിതിയുടെ അംഗീകാരം

07:43 PM Sep 22, 2020 | Deepika.com
കുവൈറ്റ് സിറ്റി: അടുത്ത അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തുള്ള വിദേശികളെ കുറയ്ക്കുന്നതിനുള്ള കരട് നിയമം ദേശീയ അസംബ്ലി പാനൽ അംഗീകരിച്ചു. കുവൈറ്റിൽ സ്വദേശികളുടേയും വിദേശികളുടേയും എണ്ണത്തിലെ അന്തരം കുറച്ചുകൊണ്ടുവരുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. നിരവധി നിര്‍ദ്ദേശങ്ങളാണ് കമ്മിറ്റിയുടെ പരിഗണയില്‍ എത്തിയതെന്നും വിശദമായ പഠനങ്ങള്‍ക്ക് ശേഷമാണ് ബില്‍ തയാറാക്കിയതെന്നും മാനവ വിഭവശേഷി വികസന സമിതി അധ്യക്ഷന്‍ ഖലീൽ അൽ സാലിഹ് പറഞ്ഞു.

ജനസംഖ്യാനുപാതികമായി തൊഴിൽ വിപണിയിൽ നിലനിൽക്കുന്ന അസന്തുലിതാവസ്ഥ പരിഹരിച്ച് സ്വദേശിവൽകരണത്തിന് വേഗംകൂട്ടുകയാണ് സമിതിയുടെ ലക്ഷ്യം. കരട് നിയമം പാര്‍ലമെന്‍റ് പരിഗണക്കായി അയച്ചതായി അദ്ദേഹം അറിയിച്ചു.

ബില്ലില്‍ വിദേശികളുടെ ക്വാട്ട നിശ്ചയിച്ചില്ലെങ്കിലും ആറ് മാസത്തിനുള്ളില്‍ പ്രവാസികളുടെ എണ്ണം സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാരിന് നിലപാട് സ്വീകരിക്കേണ്ടി വരും. ഗൾഫ് പൗരന്മാർ, വീട്ടുജോലിക്കാർ, ജഡ്ജിമാർ, നയതന്ത്ര ഉദ്യോഗസ്ഥർ, ഏവിയേഷൻ ഓപ്പറേറ്റർമാർ, മെഗാ പ്രോജക്ടുകൾക്കായി റിക്രൂട്ട് ചെയ്ത പ്രവാസി തൊഴിലാളികൾ, കുവൈറ്റ് പൗരന്മാരുടെ പങ്കാളികൾ, അവരുടെ കുട്ടികൾ, മെഡിക്കൽ, വിദ്യാഭ്യാസ ഉദ്യോഗസ്ഥർ എന്നിവര്‍ക്ക് കരട് നിയമത്തില്‍ ഇളവുകള്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. അതോടപ്പം ഗാര്‍ഹിക തൊഴിലാളികളുടെ വീസ സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നതിനും സന്ദർശന വീസ വർക്ക് പെർമിറ്റുകളിലേക്കോ ആശ്രിത വീസകളിലേക്കോ മാറ്റുന്നതും തടയണമെന്ന ശിപാര്‍ശയും കരട് നിയമത്തിലുണ്ട്.

നിയമലംഘകർക്ക് മൂന്നു വർഷം തടവും 5,000 ദിർഹം വരെ പിഴയും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ബില്‍ നടപ്പായാൽ ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശി തൊഴിലാളികളുടെ ജോലി സാധ്യതയ്ക്കു മങ്ങലേൽക്കും. ഇതോടെ ജോലി നഷ്ടപ്പെടുന്ന മലയാളികളുടെ എണ്ണം കൂടാനും സാധ്യതയുണ്ട്.

റിപ്പോർട്ട്: സലിം കോട്ടയിൽ