കോവിഡിനെതിരെ പോരാടിയ യുവ ഡോക്ടർ കോവിഡ് ബാധിച്ചു മരിച്ചു

06:15 PM Sep 21, 2020 | Deepika.com
ഹൂസ്റ്റൺ: കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നതിന് സ്വയം സന്നദ്ധയായ യുവഡോക്ടർ അഡിലിൻ ഫാഗൻ (28) ഒടുവിൽ കോവിഡിനു കീഴടങ്ങി. ഗൈനക്കോളജിയിൽ രണ്ടാം വർഷ റസിഡൻസി ചെയ്തിരുന്ന ഡോക്ടറുടെ പ്രധാന കർത്തവ്യം കുട്ടികളെ ശുശ്രൂഷിക്കുകയെന്നതായിരുന്നുവെങ്കിലും കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനു സ്വയം സന്നദ്ധയാകുകയായിരുന്നു.

ജൂലൈ 8ന് ജോലി ചെയ്യുന്നതിനിടയിൽ ശരീരത്തിന് വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് കോവിഡ് പരിശോധനക്കു വിധേയയായത്. പരിശോധനയിൽ പോസിറ്റിവാണെന്ന് കണ്ടെത്തുകയും ലഭ്യമായ ചികിത്സകൾ നൽകുകയും ചെയ്തിരുന്നു. രോഗം വഷളായതിനെ തുടർന്ന് ഓഗസ്റ്റ് മധ്യത്തോടെ ഇവരെ വെന്‍റിലേറ്ററിലേക്കു മാറ്റി. ആറാഴ്ച വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഡോക്ടർമാർ കഴിയുംവിധം പരിശ്രമിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഹൂസ്റ്റണിൽ ഇതുവരെ 3317 പേർ മരിച്ചവരിൽ അവസാനത്തേതായിരുന്നു യുവഡോക്ടറുടെ മരണം. ന്യൂയോർക്കിൽ താമസിച്ചിരുന്ന ഫാഗൻ ബഷലെ യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിൽ നിന്നും ഗ്രാജ്വേറ്റു ചെയ്തശേഷമാണ് ഹൂസ്റ്റണിൽ താമസത്തിനെത്തിയത്. ചെറുപ്പം മുതൽ ഡോക്ടറാകണമെന്ന അതിയായ ആഗ്രഹമായിരുന്നു മകൾക്ക് എന്ന് ഫാഗന്‍റെ പിതാവ് ബ്രാന്‍റ് പറഞ്ഞു. കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നതിനിടയിൽ മകൾക്ക് സംഭവിച്ച മരണം വളരെയധികം വേദനിക്കുന്നതാണെന്ന് പിതാവ് പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ