ദുബായിൽ എയർ ഇന്ത്യ എക്സ് പ്രസ് വിമാനങ്ങളെ നിരോധിച്ചു

07:08 PM Sep 18, 2020 | Deepika.com
ദുബായ്: നിയമങ്ങൾ ലംഘിച്ച് രണ്ട് കോവിഡ് പോസിറ്റീവ് യാത്രക്കാരെ ദുബായിലേക്ക് കടത്തിയതിന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി (ഡിസി‌എ‌എ) 15 ദിവസത്തേക്ക് നിരോധനം ഏർപ്പെടുത്തി.

സെപ്റ്റംബർ 18 നു (വെള്ളി) ഉച്ചയ്ക്ക് 12 മുതൽ ഒക്ടോബർ രണ്ടിന് രാത്രി 11.59 വരെയായിരിക്കും നിരോധനം . ഇതു സംബന്ധിച്ച അറിയിപ്പ് ഗൾഫ്, മീന മേഖലയിലെ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് റീജണൽ മാനേജർക്ക് അയച്ചതായി ഡിസി‌എ‌എ അധികൃതർ അറിയിച്ചു.

കോവിഡ് -19 പോസിറ്റീവ് ടെസ്റ്റ് ഫലവുമായി ഒരു യാത്രക്കാരനെ ദുബായ് എമിറേറ്റിലെ വിമാനത്താവളങ്ങളിലേക്കും പുറത്തേക്കും യാത്ര ചെയ്യാൻ അനുവദിക്കുന്നത്, വിമാന യാത്രയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും പ്രോട്ടോക്കോളുകളും ലംഘിക്കുന്നതാണെന്ന് ഡിസി‌എ‌എ നൽകിയ നോട്ടീസിൽ പറഞ്ഞു.

ഓഗസ്റ്റ് 28, സെപ്റ്റംബർ 4 തീയതികളിൽ ദില്ലിയിൽ നിന്നും ജയ്പൂരിൽ നിന്നും പുറപ്പെട്ട രണ്ട് വ്യത്യസ്ത വിമാനങ്ങളിലാണ് യാത്രക്കാർ ദുബായിലെത്തിയത്.