ഹൈദരാബാദ്: യുഎസിൽ ആന്ധ്രാപ്രദേശ് സ്വദേശിയായ യുവതി വെള്ളച്ചാട്ടത്തിൽ കാൽവഴുതി വീണു മരിച്ചു. പ്രതിശ്രുതവരനൊപ്പം സെൽഫി എടുക്കുന്നതിനിടെയായിരുന്നു ദാരുണ സംഭവം.
കൃഷ്ണ ജില്ലയിലെ ഗുഡലവ്ലേരു സ്വദേശി കമലയാണ് (27) മരിച്ചത്. ടെന്നസിയിലെ ബാൽദ് നദിയിലെ വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്.
കമലയും പ്രതിശ്രുതവരനും അറ്റ്ലാന്റയിലെ ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുംവഴിയാണ് വെള്ളച്ചാട്ടത്തിന് സമീപമെത്തിയത്. സെൽഫി എടുക്കുന്നതിനിടെ രണ്ടു പേരും കാൽവഴുതി വീണു. സമീപമുണ്ടായിരുന്നവർ യുവാവിനെ രക്ഷിച്ചെങ്കിലും കമലയെ രക്ഷിക്കാനായില്ല.
ഒഴുക്കിൽപ്പെട്ട കമലയെ അരമണിക്കൂറിനു ശേഷമാണ് കണ്ടെത്താനായത്. യുഎസിൽ സോഫ്റ്റ്വെയർ കമ്പനിയിലെ ജീവനക്കാരിയാണ് കമല. ഒഹായോയിലെ മെയ്ഫീൽഡ് ഹൈറ്റ്സിലാണ് കമല താമസിക്കുന്നത്.
യുഎസിൽ സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വീണു യുവതി മരിച്ചു
11:09 PM Sep 14, 2020 | Deepika.com