കുവൈറ്റ് സിറ്റി : കോവിഡ് കേസുകൾ വർധിക്കുന്നതിനെ തുടർന്ന് അഞ്ചാം ഘട്ടത്തിലേക്ക് മാറുന്നത് ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവയ്ക്കുകയാണെന്ന് കുവൈറ്റ് സർക്കാരിന്റെ വക്താവ് താരിഖ് അൽ മുസറം അറിയിച്ചു.
ഓഗസ്റ്റ് 23 മുതൽ അഞ്ചാം ഘട്ടം ആരംഭിക്കുന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. കൊവിഡിൻറെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സ്തംഭിച്ച ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച അഞ്ചുഘട്ട നടപടികളിൽ അവസാന ഘട്ടം പ്രഖ്യാപിക്കാനിരിക്കേയാണ് നാലാംഘട്ടത്തിൽ തന്നെ തുടരുവാൻ തീരുമാനിച്ചത്.
അഞ്ചാംഘട്ടത്തിൽ തിയേറ്ററുകളും സിനിമാശാലകളും തുറക്കും അതോടൊപ്പം സാമൂഹിക പരിപാടികളും നടത്തുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചത്. സമീപ ദിവസങ്ങളിൽ പ്രതിദിന കോവിഡ് കേസുകൾ വർധിച്ചുവന്നതാണ് സർക്കാറിനെ ഇത്തരമൊരു തീരുമെടുക്കുവാൻ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. സർക്കാർ ഓഫീസുകളും സ്വകാര്യ മേഖലയിലെ നിരവധി കന്പിനികളും കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഇപ്പോഴും 50 ശതമാനത്തിലേറെ ജീവനക്കാരുമായാണ് പ്രവർത്തിക്കുന്നത്. നാലാംഘട്ടം തുടരുമെന്ന പ്രഖ്യാപനം വന്നതോടെ നിയന്ത്രണം നീക്കുന്നത് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
റിപ്പോർട്ട്: സലിം കോട്ടയിൽ
കോവിഡ്: അഞ്ചാംഘട്ടം മാറ്റി; നാലാംഘട്ടം തുടരുമെന്ന് കുവൈറ്റ് സർക്കാർ
10:42 PM Sep 14, 2020 | Deepika.com