കൊറോണ വൈറസ്: കുവൈറ്റില്‍ രണ്ടാം തരംഗം ഉണ്ടാകുമെന്നു റിപ്പോർട്ട്

05:52 PM Sep 14, 2020 | Deepika.com
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വീണ്ടും രോഗബാധ വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്ന പശ്ചാത്തലത്തിൽ കോവിഡിന്‍റെ രണ്ടാം തരംഗം ഉണ്ടാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി രാജ്യത്ത് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്.

അഞ്ച് എംപിമാര്‍ക്ക് കോവിഡ് രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നത്തെ പാര്‍ലമെന്‍റ് സമ്മേളനം താത്കാലികമായി നിര്‍ത്തിവച്ചു . പ്രതിദിന കേസുകൾ കുറഞ്ഞുവന്നത് വീണ്ടും വര്‍ധിച്ച് 800 ലധികമായിട്ടുണ്ട്. ഇത് രണ്ടാമത്തെ തരംഗത്തിന്‍റെ തുടക്കമാകാനാണു സാധ്യതയെന്നും ചൂട് കാലം അവസാനിക്കുന്നതിനാല്‍ കേസുകള്‍ വര്‍ധിക്കുവാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.

ഒക്ടോബർ പകുതി വരെ കേസുകളുടെ തുടർച്ചയായ വർധനവാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നതെന്നും തുടര്‍ന്ന് കേസുകളുടെ എണ്ണത്തില്‍ കുറവ് വരുമെന്നുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

സാമൂഹ്യസമ്പർക്ക നിയമങ്ങളും ശുചിത്വവും വീട്ടിൽ ഇരുന്ന് ജോലിചെയ്യുന്നതും മാസ്ക് ധരിക്കുന്നതൊക്കെ കൃത്യമായി പാലിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. നിലവിലെ സ്ഥിതി തുടർന്നാൽ പുതുതായി വൈറസ് ബാധിക്കുന്നവരുടെ എണ്ണം പ്രതിദിനം ആയിരത്തിലേക്ക് എത്തുമെന്നാണ് പുറത്തുവിടുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. രണ്ടാമത്തെ തരംഗത്തിന്‍റെ ആരംഭമെന്ന നിലയിൽ രാജ്യത്തെ സ്ഥിതി വളരെ ഗൗരവമയാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകളുണ്ടാകുമ്പോള്‍ ജനങ്ങള്‍ കൂടുതല്‍ ഇടപഴകുന്ന അവസ്ഥ ഉണ്ടാവുമെന്നും നേരത്തേ ലക്ഷണങ്ങള്‍ കാണിക്കാതെ തന്നെ വൈറസിനെ വഹിക്കുന്ന ആളുകള്‍ ഇക്കൂട്ടത്തിലുണ്ടെങ്കില്‍ അവരില്‍ നിന്ന് പ്രതിരോധശേഷി കുറഞ്ഞവരിലേക്ക് ഇത് എളുപ്പത്തിലെത്താന്‍ സാധ്യത ഏറെയാണെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പിൽ പറയുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ