ഡാളസിൽ ഇന്‍റർനെറ്റ് ഇല്ലാത്ത വിദ്യാർഥികൾക്ക് ഗെറ്റ് കണക്റ്റഡ് പ്രോഗ്രാം

10:06 PM Sep 11, 2020 | Deepika.com
ഡാളസ്: ഡാളസ്, റിച്ചർഡ്സൺ, ഗാർലന്‍റ്, ഗ്രാന്‍റ് പ്രറേറി, ആർലിംഗ്ടൺ, ഡിസോട്ട, പ്ലാനോ, സിഡാർഹിൽ, ലങ്കാസ്റ്റർ, ഇർവിംഗ് വിദ്യാഭ്യാസ ജില്ലകളിൽ പഠനം നടത്തുന്ന പ്രീ കിന്‍റർഗാർഡൻ മുതൽ കോളജ് വരെയുള്ള വിദ്യാർഥികൾക്ക് വീട്ടിൽ ഇന്‍റർനെറ്റ് സൗകര്യങ്ങൾ ലഭ്യമല്ലെങ്കിൽ ഗെറ്റ് കണക്റ്റഡുമായി ബന്ധപ്പെട്ടാൽ അതിനുള്ള സൗകര്യം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഡാളസ് കൗണ്ടിയിൽ 75,000 ത്തിലധികം കുട്ടികൾക്ക് ഹൈ സ്പീഡ് ഇന്‍റർനെറ്റ്‌ കണക്ഷൻ ഇല്ലെന്നാണ് കൗണ്ടി അധികൃതർ കണക്കാക്കിയിരിക്കുന്നത്. ഡാളസ് സിറ്റി കൗൺസിൽ അംഗം ജെയ്മി റിസന്‍റൻസാണ് ഇതിന് നേതൃത്വം നൽകുന്നത്. 40,000 ഹോട്ട് സ്പോട്ടുകൾ ഇതിനായി പ്രത്യേകം തയാറാക്കിയിട്ടുണ്ടെന്ന് ജെയ്മി പറഞ്ഞു.

കോവി‍ഡിനെ തുടർന്ന് ആയിരക്കണക്കിന് വിദ്യാർഥികളാണ് ഓൺലൈൻ ക്ലാസുകളെ ആശ്രയിക്കുന്നത്. ഇവർക്കെല്ലാം ആവശ്യമായ ഇന്‍റർനെറ്റ് സൗകര്യം നൽകുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ അതിവേഗം നടന്നുവരികയാണ്. ഡാളസ് കൗണ്ടിയിൽ ദാരിദ്യ രേഖയ്ക്കു താഴെ കഴിയുന്ന നിരവധി കുട്ടികൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താനാവുന്നതാണെന്നു ജെയ്മി അറിയിച്ചു.

വിവരങ്ങൾക്ക് : 972 925 6000

റിപ്പോർട്ട്: പി.പി. ചെറിയാൻ