പുതിയ റസിഡൻസി ബിൽ: വീസ കാലാവധി കഴിഞ്ഞാല്‍ ദിവസേന 4 ദിനാര്‍ പിഴ, കുട്ടിയെ രജിസ്റ്റർ ചെയ്യാതിരുന്നാല്‍ 2,000 ദിനാര്‍ പിഴയും നാട് കടത്തലും

06:16 PM Aug 12, 2020 | Deepika.com
കുവൈറ്റ് സിറ്റി : രാജ്യത്തെ റസിഡൻസി നിയമത്തിൽ കാതലായ പരിഷ്കരണത്തിന് കുവൈറ്റ് സര്‍ക്കാര്‍ തുടക്കം കുറിച്ചതായി അൽ സിയസ പത്രം റിപ്പോര്‍ട്ട് ചെയ്തു . കരട് നിയമത്തിന് നേരത്തെ നടന്ന മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.

പുതിയ റസിഡൻസി ബിൽ പ്രകാരം വീസ നിരക്കുകളില്‍ വന്‍ വര്‍ധനയാണുള്ളത്. താമസ രേഖ കാലാവധി കഴിഞ്ഞവര്‍ക്കുള്ള പിഴ പ്രതിദിനം 2 ദിനാറില്‍ നിന്നും 4 ദിനാറായി വര്‍ധിക്കും. വിസിറ്റ് വീസ ലംഘിക്കുന്നവർക്ക് പ്രതിദിനം 10 ദിനാറായി തുടരും . നേരത്തെ താമസകാര്യ വകുപ്പ് നിയോഗിച്ച പഠന സമിതി ഇഖാമ ഫീസ്, സന്ദർശന ആശ്രിത വീസ നിരക്കുകൾ വർധിപ്പിക്കണമെന്ന് ശിപാർശ ചെയ്തിരുന്നു.

പുതിയ നിര്‍ദ്ദേശ പ്രകാരം രാജ്യത്തെ നിക്ഷേപകർക്കും റിയൽ എസ്റ്റേറ്റ് ഉടമകൾക്കും വിവാഹമോചിതരായ സ്ത്രീകൾക്കും സ്വദേശികളെ വിവാഹം ചെയ്തവര്‍ക്കും കുട്ടികള്‍ക്കും പത്ത് വര്‍ഷത്തെ സാധുതയുള്ള റസിഡൻസി നല്കും. ഗാര്‍ഹിക തൊഴിലാളികള്‍ നാല് മാസത്തിൽ കൂടുതൽ കുവൈറ്റിനു പുറത്ത് താമസിച്ചാല്‍ വീസ റദ്ദാകുമെന്നും പുതിയ നിയമത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. നാടുകടത്തലിനായി ഉത്തരവ് പുറപ്പെടുവിച്ച ഒരു വിദേശിയെ അറസ്റ്റുചെയ്യുന്നതിനുള്ള കാലയളവ് 30 ദിവസമായി ഉയര്‍ത്തി. അതേ സമയം രാജ്യത്ത് നിന്ന് നാടുകടത്തപ്പെട്ട വിദേശിക്ക് പുതിയ വീസയില്‍ രാജ്യത്തേക്ക് വീണ്ടും പ്രവേശിക്കുവാന്‍ സാധിക്കില്ലെന്നും പുതിയ ബില്ലില്‍ വ്യവസ്ഥയുണ്ട് . കുട്ടികള്‍ ജനിച്ച് നാല് മാസത്തിനുള്ളില്‍ താമസാനുമതി നേടാത്തവരില്‍ നിന്നും 2000 ദിനാര്‍ പിഴ ഈടാക്കാനും രാജ്യത്ത് നിന്ന് പുറത്താക്കാനും പുതിയ നിയമത്തില്‍ നിര്‍ദ്ദേശമുണ്ട് . ഗാര്‍ഹിക തൊഴിലാളികള്‍ സ്പോണ്‍സറിൽ നിന്നും ഒളിച്ചോടിയാല്‍ ഉടന്‍ തന്നെ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണമെന്നും നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്നും 600 ദിനാര്‍ മുതല്‍ 2000 ദിനാര്‍ വരെ പിഴ ഈടാക്കണമെന്നും ബില്ലില്‍ ശിപാര്‍ശ ചെയ്തു .

റിപ്പോർട്ട്: സലിം കോട്ടയിൽ