ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക ഷിക്കാഗോ ചാപ്റ്റർ സംവേദനാത്മക സെഷൻ ഓഗസ്റ്റ് 15 ന്

10:08 PM Aug 11, 2020 | Deepika.com
ഷിക്കാഗോ: നോർത്ത് അമേരിക്കയിൽ ഭാരതീയ കലകളെയും സാംസ്‌കാരിക പൈതൃകത്തേയും പരിപോഷിപ്പിക്കുന്നതിനും പുരോഗമന ചിന്താധാരയിലൂടെ നമ്മുടെ സർഗാത്മകതയെ ചടുലമാക്കുന്നതിനുവേണ്ടിയും പ്രവർത്തിക്കുന്ന ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക ഷിക്കാഗോ ചാപ്റ്ററിന്‍റെ നേത്രത്വത്തിൽ കോവിഡ് കാലത്തെ ധന്യമാക്കുവാൻ "സാമൂഹ്യ അകലം മാനസിക അടുപ്പം' എന്ന പരമ്പരയുടെ ഭാഗമായി സംവേദനാത്മക സെഷൻ സംഘടിപ്പിക്കുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15 -ന് സൂം സംവിധാനത്തിലൂടെ നടക്കുന്ന ഈ സംവേദനാത്മക പരിപാടിയിൽ കേരളത്തിന്‍റെ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്‌ സ്വാതന്ത്ര്യദിന സന്ദേശം നൽകും. സ്വാതന്ത്ര്യത്തിന്‍റെ ചരിത്ര പരിണാമങ്ങൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി എം.എൻ. കാരശേരി മാസ്റ്റർ പ്രഭാഷണം നടത്തും. മാനവികതയുടെ പുത്തൻ തലങ്ങളിലേക്ക് പ്രവാസ സമൂഹത്തെ നയിക്കുവാനും പുതിയ തലമുറയെ നമ്മുടെ സംസ്കാരങ്ങളുമായി കോർത്തിണക്കുവാനും സഹായിക്കുന്ന പുതിയ സാംസ്‌കാരിക പരിപാടികൾ ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക സംഘടിപ്പിക്കും.

മനോജ് മഠത്തിൽ, ഡോ. റോയ് തോമസ് എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും. ആർട്ട് ലവേഴ്സ് ഓഫ് അമേരിക്കയുടെ ആക്ടിംഗ് പ്രസിഡന്‍റ് ഷിജി അലക്സ്, സെക്രട്ടറി വിനോദ് ചന്ദ്രൻ, ട്രഷറർ അശോക് പിള്ള, ജോൺ പി. ജോൺ, ആർഷ അഭിലാഷ് എന്നിവർ നേത്രത്വം നൽകും.

എല്ലാ കലാ സാംസ്‌കാരിക സ്നേഹികളെയും സ്വാഗതം ചെയ്യുന്നതായി ആർട്ട് ലവേഴ്സ് ഓഫ് അമേരിക്കയുടെ പബ്ലിക് റിലേഷൻ വിഭാഗം കൺവീനർ ഐപ്പ് സി. വർഗീസ് പരിമണം അറിയിച്ചു.

റിപ്പോർട്ട്: അലൻ ചെന്നിത്തല