ടൂറിസം മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ജോലി കണ്ടെത്താന്‍ ഒരു വെബ്‌സൈറ്റ്

08:31 PM Aug 11, 2020 | Deepika.com
ന്യൂയോർക്ക്: കോവിഡ് മാന്ദ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ടൂറിസം മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കായി ഒരു വെബ്‌സൈറ്റ്. "ടൂറിസ്‌മോ ജോബ്‌സ്' എന്ന പേരിലാണ് വെബ്‌സൈറ്റ് ലോഞ്ച് ചെയ്തിരിക്കുന്നത്. അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ആകര്‍ഷ് കൊളപ്രത്താണ് വെബ്‌സൈറ്റിന്‍റെ സ്ഥാപകന്‍.

ആഗോളതലത്തില്‍ കോവിഡ് മഹാമാരി ട്രാവല്‍ വ്യവസായത്തെ വളരെ പ്രതികൂലമായാണ് ബാധിച്ചിരിക്കുന്നത്. ഇതിന്‍റെ ഫലമായി ഈ മേഖലയില്‍ ജോലി ചെയ്തിരുന്ന നിരവധി ആളുകള്‍ക്കു ജോലി നഷ്ടപ്പെടുകയോ സ്ഥലംമാറ്റപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇവര്‍ക്കു നാട്ടിലേക്കു മടങ്ങാനോ കുടുംബങ്ങളെ സഹായിക്കാനോ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് തങ്ങള്‍ ഔട്ട് ഓഫ് ദി ബോക്‌സ് ചിന്തിച്ചതെന്നും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കായി www.tourismojobs.com എന്ന പേരിൽ ഒരു വെബ്‌സൈറ്റ് തുടങ്ങിയതെന്നും ആകര്‍ഷ് കൊളപ്രത്ത് പറയുന്നു.

ട്രാവല്‍ വ്യവസായത്തിനായി സമര്‍പ്പിച്ചിരിക്കുന്ന വെബ്‌സൈറ്റ്, തൊഴില്‍ അന്വേഷകര്‍ക്കും തൊഴില്‍ ഉടമകള്‍ക്കും ഉപയോഗിക്കാം. സേവനം സൗജന്യമാണ്. ട്രാവല്‍ ഏജന്‍സികള്‍, ടൂര്‍ ആൻഡ് ട്രാവല്‍ അസോസിയേഷനുകള്‍, ഡിഎംഒകള്‍, ഡിഎംസികള്‍, ഹോട്ടല്‍ ശൃംഖലകള്‍, ട്രാവല്‍ കമ്പനികള്‍, എയര്‍ലൈന്‍സ്, ക്രൂയിസ് ലൈനുകള്‍ തുടങ്ങിയ വിഭാഗങ്ങളെ സഹായിക്കുകയും ജോലി നഷ്ടപ്പെട്ടവര്‍ക്കു പുതിയ അവസരങ്ങള്‍ കണ്ടെത്താന്‍ സാഹചര്യമൊരുക്കുക എന്നിവയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ആകര്‍ഷ് വ്യക്തമാക്കി.

വെബ്‌സൈറ്റിന്‍റെ ഒരു ഭാഗം സ്റ്റാര്‍ട്ട്അപ്പ് കമ്പനികള്‍ക്കായി മാറ്റിവച്ചിരിക്കുന്നു. വളര്‍ന്നുവരുന്ന സംരംഭകരുടെ സ്വപ്നങ്ങള്‍ സഫലമാക്കാനും നിക്ഷേപകരുമായി ബന്ധം സ്ഥാപിക്കുന്നതിനുമുള്ള അവസരമാണ് വെബ്‌സൈറ്റ് വാഗ്ദാനം ചെയ്യുന്നത്. കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് അനുസരിച്ചാകും ഇവിടെ തൊഴിലവസരങ്ങള്‍ തുറക്കുക.

വെബ്‌സൈറ്റ്: www.tourismojobs.com.
വിവരങ്ങള്‍ക്ക്: info@tourismojobs.com