ഉച്ചസമയ പുറംജോലി ലംഘനം; നിരവധി കമ്പിനികള്‍ക്കെതിരെ പരാതി

11:48 AM Aug 10, 2020 | Deepika.com
കുവൈറ്റ് സിറ്റി: ജൂൺ ആരംഭം മുതൽ വിലക്ക് ഏര്‍പ്പെടുത്തിയ ഉച്ചസമയ പുറംജോലി ലംഘനത്തെ തുടര്‍ന്ന് നിരവധി കമ്പിനികള്‍ക്കെതിരെ പരാതി ലഭിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവറിലെ പബ്ലിക് റിലേഷൻസ് ആൻഡ് ഇൻഫർമേഷൻ ഡയറക്ടർ അസീൽ അൽ മസാദ് അറിയിച്ചു. വേനൽ കടുത്തതോടെ സൂര്യതാപം ഏൽക്കുന്ന തരത്തിൽ തൊഴിലാളികളെ കൊണ്ട് തുറന്ന സ്ഥലത്ത് പണി എടുപ്പിക്കരുതെന്നാണ് കുവൈറ്റ് മാൻ പവർ അതോറിറ്റിയുടെ ഉത്തരവ്.

നിയമം കർശനമായി പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ നാഷണൽ സെന്റർ ഫോർ ഒക്കുപ്പേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റിയിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരുന്നു. രാവിലെ പതിനൊന്ന് മുതൽ വൈകിട്ട് അഞ്ച് വരെയാണ് തുറന്ന സ്ഥലങ്ങളിലെ ജോലിക്ക് വിലക്കുള്ളത്. 161 സ്ഥലങ്ങളിലായി 266 കമ്പനികളില്‍ നിന്നും 375 തൊഴിലാളി ലംഘനങ്ങൾ രജിസ്റ്റർ ചെയ്തതായും കമ്പിനികള്‍ക്ക് മുന്നറിയിപ്പ് നൽകിയതായും അധികൃതര്‍ അറിയിച്ചു.

നിയമം നടപ്പാക്കിയില്ലെങ്കിൽ ആദ്യം നോട്ടീസും ആവർത്തിച്ചാൽ ഒരു തൊഴിലാളിക്ക് 100 കുവൈത്ത് ദിനാർ എന്ന നിലയിൽ പിഴ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ നിയമം ലംഘിക്കുന്ന തൊഴിലുടമകളുടെ ഫയലുകൾ മരവിപ്പിക്കും. ഉച്ച സമയത്ത് നൽകുന്ന വിശ്രമ സമയ നഷ്ടം മറികടക്കാൻ രാവിലെയും വൈകുന്നേരവും അധിക സമയം ജോലി ചെയ്യാം. വ്യവസായ മേഖലയിൽ ഇതുമായി ബന്ധപ്പെട്ട് കൃത്യമായ പരിശോധനയും ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ