ന്യുയോർക്ക്: ന്യുയോർക്ക് സിറ്റി ഹെൽത്ത് കമ്മീഷണറായി ഇന്ത്യൻ അമേരിക്കൻ ഡേവ് ചോക്ഷിയെ മേയർ ബിൽഡി ബ്ലാസിയൊ നിയമിച്ചു. കോവിഡ് 19 മഹാമാരിയുടെ അടുത്തഘട്ടം എങ്ങനെ നിയന്ത്രിക്കാനാകും എന്ന വലിയ ഉത്തരവാദിത്വമാണ് ഡേവിൽ നിഷിപ്തമായിരിക്കുന്നത്.
മഹാമാരിക്കെതിരെ പൊരുതുവാൻ കഴിവുള്ള നേതാവും ദീർഘവീക്ഷണമുള്ള വ്യക്തിയുമാണ് ഡേവെന്ന് മേയർ പറഞ്ഞു. തന്നിലർപ്പിതമായ ഉത്തരവാദിത്വം പൂർണമായും നിറവേറ്റുവാൻ ഡേവിന് കഴിയുമെന്നും മേയർ കൂട്ടിച്ചേർത്തു.
ന്യുയോർക്ക് സിറ്റിയിൽ മാത്രം 222,000 കോവിഡ് രോഗികളും 23,000 മരണവും നടന്നിട്ടുണ്ട്. എന്നാൽ ഓഗസ്റ്റ് ഒന്നു മുതലുള്ള ദിവസങ്ങളിൽ പ്രതിദിനം രോഗം കണ്ടെത്തുന്നവരുടെ സംഖ്യ നൂറിൽ താഴെയായിരിക്കുന്നുവെന്നതു അശ്വാസകരമാണെന്ന് മേയർ പറഞ്ഞു.
കൂടുതൽ സ്ഥാപനങ്ങളും സ്കൂളുകളും തുറന്നു പ്രവർത്തിക്കുക എന്ന വെല്ലുവിളിയാണ് ഇനി ഏറ്റെടുക്കുവാനുള്ളത്. രാജ്യത്തെ ഏറ്റവും വലിയ ഹെൽത്ത് നെറ്റ്വർക്കായ ന്യുയോർക്ക് സിറ്റി ഹെൽത്ത് പ്ലസ് ഹോസ്പിറ്റൽ കോർപറേഷൻ ചീഫ് പോപ്പുലേഷൻ ഹെൽത്ത് ഓഫീസറായിരുന്നു ഡേവ്. ഡേവിന്റെ നിയമനത്തെ മുൻ സർജൻ ജനറൽ വിവേക് മൂർത്തി അഭിനന്ദിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഡേവ് ചോക്ഷി ന്യുയോർക്ക് ഹെൽത്ത് കമ്മീഷണർ
10:22 PM Aug 06, 2020 | Deepika.com