ന്യൂമെക്സിക്കോയിലെ ഫാർമിഗ്ടണ്‍ സിറ്റിയിലെ നാവഹോ ഇന്ത്യൻസ് അംഗമായിരിക്കുന്ന എപ്പിസ്കോപ്പൽ ഇടവകയുമായി കൈകോർത്താണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഭദ്രാസനാധിപൻ ബിഷപ് ഡോ. മാർ ഫിലക്സിനോസിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചത്. നാവഹോലാൻഡ് ഏരിയ മിഷൻ ഭദ്രാസന ബിഷപ് ഡേവിഡ് ഇ.ബെയ്ലി, റവ.മൈക്കിൾ എന്നിവർ പ്രവർത്തനങ്ങൾക്ക് വേണ്ട പ്രോത്സാഹനം നൽകി.
റവ.ജേക്കബ് പി.തോമസ് കണ്‍വീനറും റവ. ബ്ലെസൻ കെ.മോൻ, റവ. തോമസ് ജോസഫ്, ഭദ്രാസന ട്രഷറർ ഫിലിപ്പ് തോമസ് സിപിഎ, ഡോ. സുരേഷ് മാത്യു, നിർമ്മല എബ്രഹാം, എബി ജോർജ്, താര മാത്യുസ്, ജോഷ് ജയിക്കബ്, ജൂലിയാൻ ചെറിയാൻ, ജോബി മാത്യു, ഷീബ മാത്യു എന്നിവർ അംഗങ്ങളായ ഭദ്രാസന നേറ്റിവ് അമേരിക്കൻ മിഷൻ ബോർഡാണ് പ്രവർത്തനങ്ങൾ ചുക്കാൻ പിടിക്കുന്നത്. ഹുസ്റ്റണ്‍ ഇമ്മാനുവേൽ മാർത്തോമ്മ ഇടവകയുടെ രജതജൂബിലിയോടനുബന്ധിച്ച് 25000 ഡോളർ ഇടവക നാവഹോ മിഷൻ പ്രവർത്തനങ്ങൾക്ക് നൽകിയത് വളരെ പ്രോത്സാഹനകരമാണന്ന് ഭദ്രാസന സെക്രട്ടറി റവ. മനോജ് ഇടുക്കുള അഭിപ്രായപ്പെട്ടു.
അമേരിക്കയിൽ ഏകദേശം അഞ്ഞുറോളം ആദിവാസി വിഭാഗങ്ങളുണ്ട്. ഇവരിൽ അലബാമ, ഒക്ലഹോമ എന്നീ സംസ്ഥാനങ്ങളിൽ വസിക്കുന്ന ചോക്റ്റോ വിഭാഗത്തിലുള്ളവരുടെ ഇടയിലും, ലൂസിയാന സംസ്ഥാനത്തെ ന്യൂഓർലിയൻസിലുള്ള ഹോമാ ഇന്ത്യൻസിന്റെ ഇടയിലും, അരിസോണ, ന്യൂമെക്സിക്കോ, യൂട്ടാ എന്നീ സംസ്ഥാനങ്ങളിൽ വസിക്കുന്ന നാവഹോ ഇൻഡ്യൻസിന്റെ ഇടയിലും ആണ് പ്രധാനമായും സഭയുടെ നേറ്റിവ് അമേരിക്കൻ മിഷന്റെ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കുന്നത്.
2002 ൽ ബിഷപ് ഡോ.യുയാക്കിം മാർ കൂറിലോസ് ഭദ്രാസനാധ്യക്ഷൻ ആയിരിക്കുന്പോൾ ആരംഭിച്ച നേറ്റീവ് അമേരിക്കൻ മിഷൻ പ്രവർത്തനങ്ങളുടെ കണ്‍വീനറായി 2013 വരെയും ഫിലഡൽഫിയ മാർത്തോമ ഇടവാംഗമായ നിർമല എബ്രഹാമാണ് പ്രവർത്തിച്ചത്. ഇപ്പോൾ സഭാ കൗണ്‍സിൽ അംഗമായ നിർമ്മല എബ്രഹാമും ഭർത്താവ് ഓ.സി എബ്രഹാമും ഈ പ്രവർത്തനങ്ങളിൽ ഇപ്പോഴും സജീവമായി തുടരുന്നു.
ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസ് ഭദ്രാസനാധിപനായി ചുമതലയേറ്റതിനു ശേഷമാണ് നാവഹോ മിഷൻ പ്രവർത്തനം ആരംഭിക്കുന്നത്. അരിസോണ, ന്യൂമെക്സിക്കോ. യുട്ടാ എന്നീ സംസ്ഥാനങ്ങളിലായി ചിതറിപാർക്കുന്ന നാവഹോ ഇന്ത്യൻസിന്റെ ഇടയിൽ തുടക്കം കുറിച്ച ഈ പ്രവർത്തനം ഭദ്രാസന മിഷൻ പ്രവർത്തനങ്ങളുടെ മറ്റൊരു അധ്യായം ഏഴുതിചേർക്കപ്പെടുകയാണ്.
റിപ്പോർട്ട്: ഷാജി രാമപുരം