ഹൂസ്റ്റണിൽ ഓഗസ്റ്റ് ഒന്നു മുതൽ മാസ്ക് ധരിക്കാത്തവർക്കെതിരെ നടപടിയെന്ന് മേയർ

06:56 PM Aug 04, 2020 | Deepika.com
ഹൂസ്റ്റൺ: സംസ്ഥാന സർക്കാർ മാസ്ക് ധരിക്കുന്നതിനെക്കുറിച്ചു നൽകിയിരിക്കുന്ന മാനദണ്ധങ്ങൾ ഓഗസ്റ്റ് ഒന്നു മുതൽ കർശനമായി പാലിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ സൈറ്റേഷൻ ഉൾപ്പെടെയുള്ള കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടർണർ. കോവിഡ് ബാധിച്ചു മരിച്ച ഹൂസ്റ്റൺ അഗ്നി ശമന സേനാംഗത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി വിളിച്ചു ചേർത്ത സമ്മേളനത്തിലാണ് മേയർ നിയമം കർശമാക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പു നൽകിയത്.

ഓഗസ്റ്റ് ഒന്നു മുതൽ ഹൂസ്റ്റൺ പോലീസ് മാസ്ക് ധരിക്കാത്തവർക്ക് വാണിംഗ്, സൈറ്റേഷൻ, 250 ഡോളർ ഫൈൻ എന്നിവ ഘട്ടംഘട്ടമായി നൽകുമെന്നും മേയർ പറഞ്ഞു. ജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇതുവരെ നടത്തിയിരുന്നതെന്നും തുടർന്നു പൊതുസുരക്ഷയെ മുൻനിർത്തിയും സ്വയം സുരക്ഷക്കുവേണ്ടിയും ഫ്ലു സീസൺ ആരംഭിക്കുന്ന സമയം ആയതിനാലും മാസ്ക് ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ എല്ലാവരും തയാറാകണമെന്നും മേയർ ഉദ്ബോധിപ്പിച്ചു.

കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ചു ജൂലൈ അവസാനിച്ചപ്പോൾ കൂടുതൽ കൊറോണ വൈറസ് പോസിറ്റീവ് പരിശോധന ഫലം കണ്ടെത്തിയിട്ടുണ്ടെന്നും ഇനിയും ഇത് നിയന്ത്രിക്കേണ്ടതുണ്ടെന്നും മേയർ കൂട്ടിചേർത്തു.

ഹൂസ്റ്റണിൽ പുതിയതായി ഇന്ന് 1, 104 പുതിയ കോവിഡ് കേസുകൾ കൂടി രേഖപ്പെടുത്തി. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 50896 ആയി ഉയർന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ