റിയാദ്: നിയന്ത്രണങ്ങൾ എല്ലാം എടുത്തു കളഞ്ഞിട്ടും സൗദി അറേബ്യയിലെ പുതുതായി കോവിഡ് വൈറസ് പിടികൂടുന്നവരുടെ എണ്ണത്തിൽ കുറവ് പ്രകടമായതോടൊപ്പം രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവും കണ്ടു തുടങ്ങി. ആരോഗ്യ പ്രവർത്തകർക്ക് ഏറെ ആശ്വാസം പകർന്നു കൊണ്ട് ബുധനാഴ്ച 5488 പേർ കൂടി രോഗമുക്തരായി. ഇതോടെ ആകെ കൊറോണ വൈറസ് ബാധയിൽ നിന്നും മോചിതരായവരുടെ എണ്ണം 1,83,048 ആയി.
ബുധനാഴ്ച 42 പേർ കൂടി കോവിഡ് ബാധിച്ചു മരിച്ചതോടെ രാജ്യത്ത് ആകെ മരണസംഖ്യ 2325 ആയി. പുതുതായി രോഗം ബാധിച്ചവർ 2671 ആണ്. അതോടെ ഇതുവരെ രോഗം ബാധിച്ചവർ 2,40,474 പേരാണ്. 55,101 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതിൽ 2,221 പേരുടെ നില ഗുരുതരമാണ്. റിയാദിൽ 13 പേരും ജിദ്ദയിൽ 11 പേരും ഹൊഫൂഫ്, തായിഫ്, തബൂക് എന്നിവിടങ്ങളിൽ മൂന്നുപേർ വീതവും മദീന, ഹഫർ അൽ ബാത്തിൻ, ബെയിഷ്, ജീസാൻ, അറാർ, സബിയ, ഹുറൈമില. മജാരിദ, അൽ ഖുവയ്യ എന്നിവിടങ്ങളിൽ ഓരോ മരണവുമാണ് പുതുതായി റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 59010 കോവിഡ് പരിശോധനകൾ നടന്നതായും ആരോഗ്യ വകുപ്പ് അറിയിച്ചു. പുതിയ രോഗികൾ റിയാദ് 226, ജിദ്ദ 250, ഹൊഫൂഫ് 211, മുബറസ് 174, ദമ്മാം 144, തായിഫ് 99, ഹായിൽ 97, മക്ക 97, ഹഫർ അൽ ബാത്തിൻ 86, അബഹ 81, മദീന 78, ഖമീസ് മുശൈത് 61, ബുറൈദ 54, തബൂക് 52, നജ്റാൻ 46, ഖതീഫ് 43, ഖോബാർ 42, യാന്പു 37, ദഹ്റാൻ 35, അൽ ഖർജ് 29, സകാക 27, മഹായിൽ 27, ജുബൈൽ 24, ജീസാൻ 23, സാംത 23 എന്നിങ്ങനെയാണ് കണക്ക്.
സൗദി അറേബ്യയിലെ പുതിയ ഭരണ മാറ്റങ്ങളിൽ മുൻ കൃഷിവകുപ്പ് മന്ത്രിയും തുർക്കിയിലെ സൗദി അംബാസഡറുമായിരുന്ന വലീദ് അൽ ഖുറൈജിയെ പുതിയ ഉപ വിദേശകാര്യ വകുപ്പ് മന്ത്രിയായി സൽമാൻ രാജാവ് പ്രഖ്യാപിച്ചു. മറ്റു രണ്ടു നിയമങ്ങളിലൂടെ ഹൗസിംഗ് മന്ത്രാലയത്തിൽ ഡെപ്യൂട്ടി മന്ത്രിയായി എഞ്ചി. അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ സുലൈമാൻ അൽ ബദൈറിനേയും പൊതുഭരണ കാര്യാലയത്തിലെ ഡയറക്ടർ ജനറലായി ഡോ. ബന്ദർ ബിൻ അസാദ് ബിൻ അഹമ്മദ് അൽ സജനേയും പ്രഖ്യാപിച്ചു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്; ബുധനാഴ്ച 5488 പേർ
06:28 PM Jul 16, 2020 | Deepika.com