ആലപ്പുഴ: കോവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് ഓണ്‍ലൈൻ, ടിവി പഠനം ആരംഭിച്ച സാഹചര്യത്തിൽ വീട്ടിൽ ടെലിവിഷൻ സൗകര്യമില്ലാത്ത കുട്ടികൾക്കായി ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ്(എഡിഎകെ) ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ടെലിവിഷൻ വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉത്ഘാടനം മാവേലിക്കര എംഎൽഎ ആർ. രാജേഷ് നിർവഹിച്ചു. പ്രവാസികൾ എക്കാലവും സമൂഹത്തിനോട് കാണിക്കുന്ന പ്രതിബദ്ധത അവിസ്മരണീയമാണെന്നും ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്റെ പ്രവർത്തങ്ങൾ മാതൃകാപരമാണെന്നും ആർ. രാജേഷ് എംഎൽഎ പറഞ്ഞു.
ചുനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്താ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ജൂലൈ 15ബുധനാഴ്ച രാവിലെ 10ന് ഗവണ്മെന്റ് യുപിഎസ് ചുനക്കരയിൽ വച്ചു നടന്ന ചടങ്ങിൽ സഞ്ചു (ബ്ലോക്ക് പഞ്ചായത്ത് മെന്പർ ) പി.എം. രവി (വാർഡ് മെന്പർ), ശോഭ കുമാരി (വാർഡ് മെന്പർ), ഉമാ .(എച്ച്എം, യുപിഎസ്, ചുനക്കര), പ്രവീണ്‍ (പിടിഎ പ്രസിഡണ്ട്) തുടങ്ങിയവർ പങ്കെടുത്തു. മനോജ് റോയ്, രഞ്ജിത് രവി, ദിനേശ് ചുനക്കര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: സലിം കോട്ടയിൽ