കുവൈറ്റ് സിറ്റി: കോവിഡ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന പ്രവാസികളിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വെൽഫെയർ കേരള കുവൈറ്റ് ഒരുക്കുന്ന സൗജന്യ ചാർട്ടർ വിമാനപദ്ധതിക്ക് പ്രവാസി സമൂഹത്തിൽ നിന്നും പിന്തുണ തുടരുന്നു.
പ്രമുഖ പ്രവാസി സംഘടനയായ ഫ്രൈഡേ ഫോറം കുവൈറ്റ് കഴിഞ്ഞ ദിവസം 30 ടിക്കറ്റുകൾക്കുള്ള തുക നൽകി പദ്ധതിയുടെ ഭാഗമായി. കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്കുള്ള ആദ്യ സൗജന്യ വിമാനം ജൂലൈ 17ന് വെള്ളിയാഴ്ച കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെടും. പ്രമുഖ എയർലൈൻ കന്പനിയായ ജസീറ എയർവേസുമായി സഹകരിച്ച് ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവിധ വ്യക്തികളും സംഘടനകളും ഉൾപ്പെടെ നിരവധി പേർ ഇതിനകം തന്നെ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.
മുഴുവൻ യാത്രക്കാർക്കും പൂർണമായും സൗജന്യമായാണ് യാത്ര സൗകര്യം ഒരുക്കുന്നത്. ലഭിച്ച അപേക്ഷകളിൽ നിന്നും രോഗികൾ, പ്രായാധിക്യമുള്ളവർ, ജോലി നഷ്ടപ്പെട്ടവർ, തുച്ഛ വരുമാനക്കാരായ മറ്റു പ്രവാസികൾ എന്നിവർക്ക് മുൻഗണന നൽകിയാണ് യാത്രക്കാരുടെ അന്തിമ ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
വെൽഫെയർ കേരള കുവൈറ്റ് സൗജന്യ വിമാനം: 30 ടിക്കറ്റ് നൽകി ഫ്രൈഡേ ഫോറം കുവൈത്ത്
11:20 PM Jul 13, 2020 | Deepika.com