സൗദിയിൽ 62898 പേർ കൂടി ചികിത്സയിൽ, കോവിഡ് നിയമലംഘകർക്ക് കടുത്ത പിഴ

10:40 AM Jul 13, 2020 | Deepika.com
റിയാദ് : 2779 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ സൗദിയിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം 232259 ആയി. ഇതിൽ 1742 പേർക്ക് കൂടി രോഗമുക്തിയായി. ഇനി 62898 പേർ കൂടിയാണ് ചികിത്സയിലുള്ളത്. ഇതിൽ 2245 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. ഞായറാഴ്ച 42 പേർ കൂടി മരണത്തിന് കീഴടങ്ങി. 2223 പേരാണ് ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരണപ്പെട്ടവർ.

റിയാദിൽ 12 പേരാണ് ഞായറാഴ്ച മരിച്ചത്. ജിദ്ദ (9), മക്ക (3), ഹൊഫൂഫ് (4), തായിഫ് (6), തബൂക് (3) എന്നിങ്ങനെയും മദീന, ഖോബാർ, അബഹ, സബീയ, അബു അരീഷ് എന്നിവിടങ്ങളിൽ ഓരോന്ന് വീതവുമാണ് മരണം നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 44429 കോവിഡ് ടെസ്റ്റുകൾ രാജ്യത്ത് നടന്നു. ഇതോടെ ഇതുവരെ നടത്തിയ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 22,70,719 ആയതായും സൗദി ആരോഗ്യ വകുപ്പ് അറിയിച്ചു.

പ്രധാന നഗരങ്ങളിലെ പുതിയ രോഗികളുടെ കണക്ക് ഇപ്രകാരമാണ്: റിയാദ് 247, ജിദ്ദ 191, ഹൊഫൂഫ് 164, ദമ്മാം 157, മക്ക 157, തായിഫ് 119, ഖമീസ് മുശൈത് 119, മുബറസ് 99, അബഹ 95, മദീന 94, നജ്റാൻ 94, ഹഫർ അൽ ബാത്തിൻ 82, ഖതീഫ് 80, ഹായിൽ 71, അൽ ഖർജ് 70 , സഫ്വ 56, തബൂക് 47, ഖോബാർ 46, ബുറൈദ 30, ജുബൈൽ 29, മഹായിൽ 27, ശറൂറ 27, ദഹ്റാൻ 26.
സൗദിയിൽ കോവിഡ് നിയന്ത്രിക്കുന്നതിനായി പ്രഖ്യാപിച്ച പെരുമാറ്റച്ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് വൻ തുക പിഴ ഒടുക്കേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി. ഒന്നിലധികം കുടുംബങ്ങൾ വീടിന്റെ ഇസ്തിറാഹയിലോ സംഗമിച്ചാൽ 10,000 റിയാൽ പിഴ അടക്കേണ്ടി വരും. കുടുംബങ്ങളല്ലാത്തവർക്ക് 15,000 റിയാൽ ആയിരിക്കും പിഴ. തൊഴിലാളികളുടെ കൂട്ടങ്ങൾക്കും 50,000 റിയാൽ പിഴയുണ്ടാകും. മാസ്ക്ക് ധരിക്കാത്തവർക്കും സൂപ്പർ മാർക്കറ്റുകളിൽ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ ഒരുക്കാത്തവർക്കും 1000 റിയാൽ പിഴയുണ്ടായിരിക്കും.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ