യുണൈറ്റഡ് എയര്‍ലൈന്‍സ് 36,000 ജീവനക്കാരെ പിരിച്ചുവിടുന്നു, ഡാളസ്, ഹൂസ്റ്റന്‍ എന്നിവടങ്ങളില്‍ നിന്ന് 4700

12:15 PM Jul 12, 2020 | Deepika.com
ഹൂസ്റ്റണ്‍: ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് എയര്‍ലൈന്‍സ് ദേശീയാടിസ്ഥാനത്തില്‍ 36,000 ജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി എയര്‍ലൈന്‍സ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ലേഓഫ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

എയര്‍ലൈന്‍ സ്റ്റിമുലസ് നിയന്ത്രങ്ങള്‍ അവസാനിക്കുന്ന ഒക്‌ടോബര്‍ 30-ഓടുകൂടി ലേഓഫ് നടപടികള്‍ പൂര്‍ത്തിയാകും. എയര്‍ ഇന്‍ഡസ്ട്രി മെച്ചപ്പെടുന്നതോടെ പിരിച്ചുവിടുന്ന ജീവനക്കാരില്‍ ഭൂരിഭാഗത്തേയും തിരിച്ചുവിളിക്കാനാകുമെന്നും അധികൃതര്‍ പറയുന്നു.

ഡാളസ് ഫോര്‍ട്ട് വര്‍ത്തില്‍ 71 പേരെയും, ഹൂസ്റ്റണ്‍ ജോര്‍ജ് ബുഷ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും 3904 ജീവനക്കാരേയും പിരിച്ചുവിടുന്നതിനുള്ള വാണിംഗ് നോട്ടീസ് ഇതിനകം നല്‍കിയിട്ടുണ്ട്. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ പ്രധാന ഹബ്ബായ ഹൂസ്റ്റണില്‍ 781 മറ്റു തൊഴിലാളികള്‍ക്കും വാണിംഗ് നോട്ടീസ് നല്‍കിക്കഴിഞ്ഞു.

25 ബില്യന്‍ ഡോളറാണ് എയര്‍ലൈന്‍സ് ഇന്‍ഡസ്ട്രിക്ക് സ്റ്റിമുലസ് ഗ്രാന്റായി ഫെഡറല്‍ ഗവണ്‍മെന്റ് നല്‍കിയിട്ടുള്ളത്. ഒക്‌ടോബര്‍ അവസാനത്തോടെ ഫണ്ടിംഗ് അവസാനിക്കും.

കോവിഡ് 19 മഹാമാരിയെ തുടര്‍ന്നു നിലവില്‍ വന്ന എയര്‍ലൈന്‍ നിരോധനം അമേരിക്കന്‍ എയര്‍ലൈന്‍സിനേയും കാര്യമായി ബാധിച്ചിട്ടുണ്ട്. 20 മുതല്‍ 30 ശതമാനം വരെ ജീവനക്കാരെ ലേഓഫ് ചെയ്യാനാണ് തീരുമാനമെന്ന് അമേരിക്കന്‍ എയര്‍ലൈന്‍ സിഇഒ ഡഗ്പാര്‍ക്കര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍