ടെക്സസിൽ വധശിക്ഷ പുനരാരംഭിച്ചു; ബില്ലി ജൊയുടെ ശിക്ഷ നടപ്പാക്കി

07:51 PM Jul 09, 2020 | Deepika.com
ഹണ്ട്സ് വില്ല: അമേരിക്കയിൽ കോവിഡ് വ്യാപകമായതിനെ തുടർന്നു ഫെബ്രുവരി ആദ്യം നിർത്തലാക്കിയ വധശിക്ഷ അഞ്ചു മാസത്തെ ഇടവേളയ്ക്കുശേഷം പുനരാരംഭിച്ചു. ജൂലൈ 8 ന് ഹണ്ട്‌വില്ല ജയിലിൽ 45 കാരനായ ബില്ലി ജൊ വാർഡുലൊയുടെ വധശിക്ഷ നടപ്പാക്കി.

1993ൽ 82 വയസുള്ള വൃദ്ധനെ വെടിവച്ചു കൊലപ്പെടുത്തി, വാഹനം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ജൊക്ക് വധശിക്ഷ വിധിക്കുമ്പോൾ കേവലം 18 വയസു മാത്രമായിരുന്നു പ്രായം. പ്രതി മനപൂർവം വൃദ്ധനെ കൊലപ്പെടുത്തുന്നതിന് വെടിയുതിർത്തതാണെന്ന് പ്രൊസിക്യൂഷൻ വാദിച്ചപ്പോൾ മൽപിടുത്തത്തിനിടയിൽ അപകടത്തിൽ വെടിയേറ്റാണ് കാൾ കോൾ (82) കൊല്ലപ്പെട്ടതെന്ന് പ്രതിക്കുവേണ്ടി ഹാജരായ അറ്റോർണി വാദിച്ചുവെങ്കിലും കോടതി അപ്പാടെ തള്ളിക്കളയുകയായിരുന്നു. വൃദ്ധനെ കൊലപ്പെടുത്തി വാഹനം തട്ടിയെടുത്ത് പെൺസുഹൃത്തുമായി ജീവിക്കാനായിരുന്നു ബില്ലി ജൊയുടെ ലക്ഷ്യമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ഏപ്രിൽ 29 നു വിധശിക്ഷ നടപ്പാക്കാനായിരുന്നു കോടതി തീരുമാനം. എന്നാൽ മഹാമാരിയെ തുടർന്ന് ജൂലൈ 8 ലേക്കു മാറ്റുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് 6 ന് വിഷമിശ്രിതം സിരകളിലേക്ക് പ്രവേശിപ്പിച്ചു നിമിഷങ്ങൾക്കുള്ളിൽ മരണം സ്ഥിരീകരിച്ചു.

അമേരിക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്നതു ടെക്സാസിലാണ്. 2019 ൽ അമേരിക്കയിൽ ആകെ നടപ്പാക്കിയ 22 വധശിക്ഷകളിൽ ഒൻപതും ടെക്സസിലായിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ