സൗജന്യ യാത്രക്കാരുമായി ഐഐസി ചാർട്ടേഡ് ഫ്ലൈറ്റ് തിങ്കളാഴ്ച പുറപ്പെടും

12:00 PM Jul 06, 2020 | Deepika.com
കുവൈറ്റ്: ഇന്ത്യൻ ഇസ്ലാഹി സെൻററിന് കീഴിൽ ഒരുക്കിയ ഇന്നത്തെ (ജൂലൈ 6) ചാർട്ടേഡ് വിമാനം പുറപ്പെടുന്നതോടെ നൂറ് കണക്കിന് പ്രവാസി കുടുംബങ്ങളുടെ സ്വപ്ന സാക്ഷാൽക്കാരമാണ് പൂവണിയുന്നത്. ആയിരങ്ങൾ നാട്ടിലേക്ക് തിരിച്ചെങ്കിലും പണമില്ലാത്തതിനാൽ നാട്ടിലേക്ക് പോകാൻ കഴിയാതെ മാസങ്ങളായി ദുരിതകയത്തിൽപ്പെട്ട നൂറ് കണക്കിന് പ്രവാസികളുമായാണ് ഐ.ഐ.സിയുടെ വിമാനം പുറപ്പെടുന്നത്. ഐ.ഐ.സി സാമൂഹ്യക്ഷേമ വകുപ്പിന് കീഴിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രവർത്തകരും അഭ്യൂദയകാംക്ഷികളും ചേർന്നാണ് 111 കേരള പ്രവാസികളെ സൗജന്യമായും സുരക്ഷിതമായും നാട്ടിലെത്തിക്കുന്നത്.

ജോലി നഷ്ടപ്പെട്ട് ആശങ്കയിൽ കഴിഞ്ഞവർ, പ്രായാധിക്യമുള്ളവർ, രോഗികൾ, മാനസികമായി ബുദ്ധിമുട്ടുന്നവർ, സാന്പത്തിക പ്രയാസമുള്ളവർ തുടങ്ങിയവർക്ക് മുൻഗണന നൽകിയാണ് യാത്രക്കാരെ തെരെഞ്ഞെടുത്തത്.

തിങ്കളാഴ്ച വൈകുന്നേരം 5.30 -നു കുവൈറ്റിൽ നിന്ന് പുറപ്പെടുന്ന ജസീറ വിമാനത്തിന് ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഫ്ലാഗ് ഓഫ് ചെയ്യും. വിമാനം രാത്രി 12 മണിക്ക് കോഴിക്കോട് എത്തും. എയർപോർട്ടിൽ ഐഎസ്എം (മർക്കസ്സുദ്ദഅ് വ) പ്രവർത്തകരും ആരോഗ്യ വകുപ്പും സ്വീകരണം നൽകും.

റിപ്പോർട്ട്: സലിം കോട്ടയിൽ