അബുദാബി: മാർത്തോമ യുവജന സഖ്യത്തിന്റെ 2020-21 വർഷത്തെ കർമ്മ പരിപാടികളുടെ ഉത്ഘാടനം ഗീവർഗീസ് മാർ തിയോഡോഷ്യസ് എപ്പിസ്കോപ്പ ഓണ്‍ലൈൻ സൂം പോർട്ടൽ വഴി നിർവഹിച്ചു. വർത്തമാന കാലത്തെ ദുരന്തങ്ങളോടു ക്രിയാത്മകമായി പ്രതികരിക്കുന്നതോടൊപ്പം സമൂഹത്തിൽ ഒരു നല്ല നാളെയെ സൃഷ്ടിക്കുവാൻ യുവജനങ്ങൾക്കു കഴിയണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
അബുദാബി മാർത്തോമാ യുവജനസഖ്യം പ്രസിഡന്റ് റവ. ബാബു കുളത്താക്കൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റവ. ബിജു സി.പി, വൈസ് പ്രസിഡന്റ് വിനിൽ ജോർജ്, സെക്രട്ടറി ജിതിൻ ജോയ്സ്, ട്രസ്റ്റീ ലിജോ ജോണ്‍, ലേഡി സെക്രട്ടറി എലിസ സൂസൻ, ജോയിൻറ് സെക്രട്ടറി അജേഷ് മാത്യു, അക്കൗണ്ടൻറ് ജേക്കബ് വർഗീസ് എന്നിവർ സംസാരിച്ചു.
കൊറോണാനന്തര കാലഘട്ടത്തിൽ ലഭ്യമാകുന്ന സാധ്യതകളും ഉൾക്കൊണ്ടു പുതിയ പരിപാടികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. തുടർന്ന് സെക്രട്ടറി 2020-21 വർഷത്തെ പ്രവർത്തന രൂപരേഖ ഓണ്‍ലൈൻ പോർട്ടലിലൂടെ പ്രകാശനം ചെയ്തു. ഇടവകയുടെയും, മറ്റു സംഘടനകളുടെയും ഭാരവാഹികൾ ആശംസകൾ അർപ്പിക്കുകയും ചെയ്തു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
ഒരു നല്ല നാളയെ സൃഷ്ടിക്കുവാൻ യുവജനങ്ങൾക്കു കഴിയണം: ഗീവർഗീസ് മാർ തിയോഡോഷ്യസ് എപ്പിസ്കോപ്പ
10:27 PM Jun 30, 2020 | Deepika.com