ഡെലവെയർ ഹിന്ദു ക്ഷേത്രത്തിൽ ഹനുമാൻ പ്രതിമ ഉയർന്നു

08:07 PM Jun 26, 2020 | Deepika.com
ഡെലവെയർ: ഡെലവെയർ ഹിന്ദു ക്ഷേത്രത്തിൽ 25 അടി ഉയരവും 45 ടൺ ഭാരവുമുള്ള ഹനുമാൻ പ്രതിമ സ്ഥാപിച്ചു. അമേരിക്കയിലെ അമ്പലങ്ങളിൽ സ്ഥാപിക്കുന്ന ഏറ്റവും വലിയ പ്രതിമയാണിതെന്നു ഭാരവാഹികൾ അവകാശപ്പെട്ടു.

ഹനുമാൻ പ്രതിഷ്ഠോൽസവത്തോടനുബന്ധിച്ചു പത്തു ദിവസത്തെ മതപരമായ ചടങ്ങുകൾക്കുശേഷമാണ് പ്രതിമയുടെ സ്ഥാപനം ഉണ്ടായത്. ഒരൊറ്റ ഗ്രാനൈറ്റ് കല്ലിൽ 12 ആർട്ടിസ്റ്റുകൾ ഒരു വർഷം എടുത്താണ് ഈ പ്രതിമ പൂർത്തീകരിച്ചത്. ഹനുമാൻ പ്രോജക്ടിന്റെ ഭാഗമായി പണിതീർത്ത ഈ പ്രതിമക്ക് 100,000 ഡോളറാണ് ചെലവഴിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.

തെലുങ്കാന വാറങ്കലിൽ നിന്നും പ്രതിമ കപ്പൽ മുഖേനെയാണ് ഡെലവെയറിൽ എത്തിച്ചത്.പ്രതിമ സ്ഥാപിക്കുന്ന ചടങ്ങിലും പൂജാ കർമ്മങ്ങളിലും ഭക്തി പുരസരമാണ് ഹനുമാൻ ഭക്തർ പങ്കെടുത്തത്. പ്രതിഷ്ഠാചടങ്ങുകളിൽ സെനറ്റർ ക്രിസ് കൂൺസ്, സെനറ്റർ ലോറ സ്റ്റർജിയൻ, ഡെലവെയർ ലഫ് ഗവർണർ ബെഥനിഹാൾ, സംസ്ഥാന പ്രതിനിധി ക്രിസ്റ്റ ഗ്രിഫിറ്റി തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുത്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ