ഡാളസ് കാത്തലിക് ചര്‍ച്ചുകളില്‍ ജൂണ്‍ 28 മുതല്‍ ദിവ്യബലി പുനരാരംഭിക്കും

02:59 PM Jun 25, 2020 | Deepika.com
ഡാളസ്: ഡാളസ് കാത്തലിക് ഡയോസിസില്‍ ഉള്‍പ്പെടുന്ന 77 ചര്‍ച്ചുകളില്‍ ജൂണ്‍ 28 മുതല്‍ ദിവ്യബലിയര്‍പ്പണം പുനഃരാരംഭിക്കുമെന്ന് ഡാളസ് ബിഷപ്പ് എഡ്വേര്‍ഡ് ജെ. ബേണ്‍സ്. നോര്‍ത്ത് ടെക്‌സസ് കൗണ്ടികളില്‍ 1.3 മില്യന്‍ കത്തോലിക്കാ വിശ്വാസികളാണുള്ളത്. പള്ളികളില്‍ ഉള്‍കൊള്ളാവുന്ന പരിധിയുടെ അമ്പതു ശതമാനത്തിനായിരിക്കും ഒരേ സമയം ദിവ്യബലിയില്‍ പങ്കെടുക്കുന്നതിനുള്ള അവസരം ലഭിക്കുക.

ദിവ്യബലിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ മുന്‍കൂട്ടി പാരിഷ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയോ, ഫോണ്‍ ചെയ്തു അറിയിക്കുകയോ വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പാരീഷില്‍ ഇങ്ങനെയുള്ളവര്‍ക്ക് മാത്രമേ പരിശോധിച്ചു പ്രവേശനം അനുവദിക്കുകയുള്ളൂ. ആരാധനയില്‍ പങ്കെടുക്കുന്നവര്‍ അകലം പാലിക്കണം, മാസ്‌ക്ക് ധരിക്കണം.

നേരിട്ട് ആരാധനയില്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധമില്ലെന്നും ഓണ്‍ലൈനില്‍ സ്ട്രീം ചെയ്യുന്ന കുര്‍ബാന കണ്ടാല്‍ മതിയെന്നും ബിഷപ്പ് പള്ളികള്‍ക്ക് അയച്ച ഇടയലേഖനത്തില്‍ പറയുന്നു. അമേരിക്കയില്‍ കൊറോണ വൈറസ് കണ്ടെത്തിയ മാര്‍ച്ച് മുതല്‍ കത്തോലിക്കാ ദേവാലയങ്ങള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഡാളസില്‍ കോവിഡ് 19 കേസുകള്‍ വര്‍ധിച്ചുവരുന്നതിനിടെയാണ് പള്ളികള്‍ തുറന്ന് ദിവ്യബലി നടത്തുന്നതിനുള്ള തീരുമാനം.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍