തകര്‍ന്നടിഞ്ഞു കുവൈറ്റിലെ ടാക്സി മേഖല; 3 മാസത്തിനുള്ളിലെ നഷ്ടം 32 ദശലക്ഷം ദിനാര്‍

12:31 PM Jun 07, 2020 | Deepika.com
കുവൈറ്റ് സിറ്റി : കോവിഡ് ഭീഷണയില്‍ തകർന്നടിഞ്ഞു രാജ്യത്തെ ടാക്സി മേഖല. കോവിഡ് -19 വ്യാപിക്കുന്നത് തടയുന്നതിനായി ടാക്സി അടക്കമുള്ള പൊതു ഗതാഗതം മാർച്ച് പകുതി മുതൽ സര്‍ക്കാര്‍ നിര്‍ത്തിവെച്ചത്. ആയിരക്കണക്കിന് വിദേശികള്‍ ജോലി ചെയ്യുന്ന ടാക്സി മേഖല സമാനതകളില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ഈ രംഗത്ത് ജോലി ചെയ്യുന്നവര്‍ പറഞ്ഞു. കൊറോണ രോഗം പടര്‍ന്നതോടെ കഴിഞ്ഞ മൂന്ന് മാസമായിട്ട് ടാക്‌സി തൊഴിലാളികള്‍ക്ക് കഷ്ടകാലമാണ്. രാജ്യം സമ്പൂര്‍ണ അടച്ചിടലിന് ശേഷം ഇളവുകളോടെ തുറന്നെങ്കിലും തൊഴിലാളികളുടെ ദുരിതത്തിന് അറുതിയില്ല. വാഹനത്തിന് ഓട്ടമില്ലാതെ വന്നതോടെ ടാക്സി ഡ്രൈവര്‍മാരുടെ പ്രതിദിന വായ്പ തിരിച്ചടവും മുടങ്ങിരിക്കുകയാണ്.

രാജ്യത്തുടനീളം 420 ഓഫീസുകളായി 12,000 ളം ടാക്സികളാണ് സര്‍വീസുകള്‍ നടത്തുന്നത് . കഴിഞ്ഞ മൂന്ന് മാസം ടാക്സി സര്‍വീസ് നിര്‍ത്തിയതിലൂടെ ഈ മേഖലയില്‍ മാത്രം 32 ദശലക്ഷം ദിനാര്‍ നഷ്ടം വന്നതായാണ് കണക്കാക്കപ്പെടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു പല ചെറുകിട സംരംഭകരും വാടക, ജീവനക്കാരുടെ ശമ്പളം തുടങ്ങിയവ നല്‍കാനാകാതെ ഓഫീസുകള്‍ അടച്ചു പൂട്ടി. രാജ്യത്തെ പ്രത്യേക സാഹചര്യത്തില്‍ മിക്ക കമ്പിനികളും പ്രതിദിന വടകക്കായിരുന്നു ടാക്സികള്‍ ഡ്രൈവര്‍മാര്‍ക്ക് നല്‍കിയിരുന്നത്. ഓട്ടം നിര്‍ത്തിയതോടെ വരുമാനം നില്‍ക്കുകയും ജീവനക്കാരെ സംരക്ഷിക്കേണ്ട അധിക ബാധ്യതയും കമ്പിനികള്‍ക്ക് വന്നിരിക്കുകയാണ്. പ്രതിമാസം 250 നും 300 നും ദിനാറിനിടയില്‍ ശമ്പളം വാങ്ങി ജോലി ചെയ്യുന്നവരും ഈ മേഖലയിലുണ്ട്. രാജ്യത്തെ നിയമമനുസരിച്ച് ഒരു കമ്പിനിക്ക് പരമാവധി 30 ടാക്സികള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. അതോടപ്പം വാഹനങ്ങള്‍ മാസങ്ങളോളം നിര്‍ത്തിയിടുന്നത് അറ്റകുറ്റപ്പണികള്‍ക്ക് കാരണമാകുമെന്ന ആശങ്കയും ഈ മേഖലയെ അലോസരപ്പെടുത്തുന്നുണ്ട്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവ് പ്രകാരം പൊതുഗതാഗതം പുനരാരംഭിക്കുന്നത് നാലാം ഘട്ടത്തിന്റെ ഭാഗമായാണ്. പക്ഷേ കര്‍ശനമായ ആരോഗ്യ സുരക്ഷാ നിബന്ധനകളോടെ മാത്രമേ ടാക്സികള്‍ അടക്കമുള്ള പൊതു ഗതാഗതം അനുവദിക്കുകയുള്ളൂവെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.കോവിഡ് പശ്ചാത്തലത്തില്‍ ടാക്സികളില്‍ അനുവദനീയമായ യാത്രക്കാരുടെ എണ്ണം ഒന്നായി പരിമിതപ്പെടുത്തും. പുതിയ നിബന്ധനകള്‍ ടാക്സി ബിസിനസിന്റെ ദുരിതം വര്‍ദ്ധിപ്പിക്കുമെന്നാണ് ഈ മേഖലയില്‍ കഴിയുന്നവരുടെ ആദി വര്‍ദ്ധിപ്പിക്കുന്നത്. ആയിരക്കണക്കിന് മലയാളികളാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. യാതൊരു വരുമാന മാർഗ്ഗമില്ലാതെ റൂമിന്‍റെ വാടക പോലും കൊടുക്കാനാകാതെയാണ് മലയാളി ഡ്രൈവർമാർ രാജ്യത്ത് കഴിയുന്നതെങ്കിലും പ്രത്യാശയോടെയാണ് അവര്‍ നാലാം ഘട്ടത്തെ കാത്തിരിക്കുന്നത്.

റിപ്പോർട്ട്: സലിം കോട്ടയിൽ