സ്വകാര്യ മേഖലയില്‍ ജീവനക്കാരുടെ ശമ്പളം വെട്ടി കുറക്കുവാന്‍ അനുമതി

12:08 PM Jun 03, 2020 | Deepika.com
കുവൈറ്റ് സിറ്റി : കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ സ്വകാര്യ കമ്പിനികള്‍ക്ക് ആശ്വാസവുമായി കുവൈത്ത് സര്‍ക്കാര്‍. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുന്നതിന് അനുമതി നല്‍കിയുള്ള നിയമ ഭേദഗതി തൊഴില്‍ നിയമത്തില്‍ കൊണ്ട് വന്നതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മാസങ്ങളായി സര്‍ക്കാരിന്റെ കോവിഡ് നിയനന്ത്രണങ്ങളെ തുടര്‍ന്നു ഭൂരിഭാഗം സ്വകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചിരുന്നില്ല.കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു പല കമ്പിനികളും നിലനില്‍പ്പിനായുള്ള ശ്രമത്തിലാണ്. ഭേദഗതിനിർദേശങ്ങൾ സർക്കാർ പാർലമെൻറിന്റെ ധനകാര്യ സമിതിയുടെ പരിഗണനക്ക് വിട്ടു.കോവിഡ് പ്രതിരോധത്തിൻറെ ഭാഗമായി പൂർണമായോ ഭാഗികമായോ പ്രവർത്തിക്കാത്ത സ്ഥാപനങ്ങൾക്ക് ഭേദഗതി ബാധകമായിരിക്കും.

പ്രസ്തുത കാലയളവിലെ കുറഞ്ഞ കൂലി മന്ത്രിസഭ തീരുമാനിക്കും. പ്രതിസന്ധി കാലത്ത് മാസശമ്പളത്തിൽ 50%വരെ കുറവ് വരുത്താൻ തൊഴിലുടമയും തൊഴിലാളിയും തമ്മിൽ ധാരണയാകാം. ശമ്പളം നൽകുമ്പോൾ ജോലി ചെയ്ത മണിക്കൂറുകൾ കൃത്യമായി കണക്കാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ