കമ്മ്യുണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നും ടിക്കറ്റ് നൽകാൻ നടപടി സ്വീകരിക്കണം: വെൽഫെയർ കേരള കുവൈത്ത്

12:00 AM Jun 03, 2020 | Deepika.com
കുവൈത്ത് സിറ്റി : കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നും തുക ഈടാക്കി ടിക്കറ്റ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കണമെന്ന് വെൽഫെയർ കേരള കുവൈത്ത് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു ഇന്ത്യൻ പ്രധാനമന്ത്രിക്കും കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതിക്കും കേന്ദ്ര വിദേശകാര്യ മന്ത്രിക്കും വിദേശകാര്യ സഹമന്ത്രിക്കും കത്തയച്ചതായി പ്രസിഡന്‍റ് റസീന മുഹിയുദ്ധീൻ പറഞ്ഞു.

മെയ് 27 ന് കേരള ഹൈകോടതി പുറപ്പെടുവിച്ച വിധിയിൽ താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് കമ്മ്യുണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നും ടിക്കറ്റ് തുക അനുവധിക്കണമെന്ന് പ്രസ്താവിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ പ്രവാസികൾക്ക് ടിക്കറ്റ് ലഭ്യമാക്കാൻ തുടർനടപടികൾ സ്വീകരിക്കണമെന്നും അതിനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഫോറവും മാർഗനിർദേശങ്ങളും എംബസി വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

കമ്മ്യുണിറ്റി വെൽഫെയർ ഫണ്ട് ഇന്ത്യൻ സമൂഹത്തിന്‍റെ പൊതുസ്വത്താണ് കോവിഡ് പോലെയുള്ള മഹാമാരി വിതച്ച പ്രത്യാഘാതങ്ങളുടെ സാഹചര്യത്തിൽ ജോലിയും ശന്പളവും നഷ്ട്ടപെട്ടു നാട്ടിലേക്ക് മടങ്ങുന്ന മുഴുവൻ പ്രവാസികൾക്കും ഈ തുക ഉപയോഗപ്പെടുത്തി സൗജന്യ ടിക്കറ്റ് ലഭ്യമാക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

റിപ്പോർട്ട്: സലിം കോട്ടയിൽ