അബുദാബിയിൽ സഞ്ചാരനിയന്ത്രണം നിലവിൽ വന്നു. നഗരാതിർത്തി കടക്കാൻ പെർമിറ്റ് വേണം

11:58 AM Jun 02, 2020 | Deepika.com
അബുദബി : കോവിഡ് പ്രതിരോധനടപടികൾ വിപുലവും കാര്യക്ഷമവുമാക്കാൻ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച സഞ്ചാരനിയന്ത്രണം ജൂൺ രണ്ടു മുതൽ നിലവിൽ വന്നു. ഇതനുസരിച്ച് മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദബിയിലേക്ക് പ്രവേശിക്കുന്നതിനും അബുദബിയില്‍ നിന്ന് പുറത്തുപോകുന്നതിനും വിലക്കുണ്ട്. അബുദാബി, അല്‍ ഐന്‍, അല്‍ ദഫ്റ എന്നീ മേഖലകളിൽ താമസിക്കുന്നവർ മറ്റു മേഖലകളിലേക്ക് പോകുന്നത് നിരോധിച്ചു .

സഞ്ചാരനിയന്ത്രണം ഫലപ്രദമാക്കുന്നതിന് 12 ഇടങ്ങളിൽ അബുദാബി പോലീസ് ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചതായി ട്രാഫിക് ആൻഡ് പട്രോൾസ് ഡപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ സാലേം അബ്ദുള്ള ബിൻ ബരാക് അൽ ദാഹിരി അറിയിച്ചു .

നഗരാതിർത്തി കടന്ന് യാത്ര ചെയ്യേണ്ടവർക്ക് അബുദാബി പോലീസിന്റെ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന 'മൂവ് പെർമിറ്റ് ' എടുത്തിരിക്കണം . എന്നാൽ അവരവർ താമസിക്കുന്ന നഗരാതിർത്തിക്കുള്ളിൽ സഞ്ചരിക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ല .

ജൂണ്‍ രണ്ടു മുതല്‍ ഒരാഴ്ചത്തേക്കായിരിക്കും ഈ നിയന്ത്രണങ്ങളെന്ന് അബുദാബി മീഡിയാ ഓഫീസ് അറിയിച്ചു. കൊവിഡിനെതിരായ ദേശീയ പരിശോധന പദ്ധതി കൂടുതല്‍ ഫലപ്രദമാക്കുന്നതിനായാണ് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത് .ഇതിന്റെ ഭാഗമായി സൗജന്യ കോവിഡ് പരിശോധന ജനസാന്ദ്രതയേറിയ മേഖലകളിലേക്കും വ്യാപിപ്പിക്കുന്നതിന് നടപടികൾ ആരംഭിച്ചു . താമസ കേന്ദ്രങ്ങളിൽ വൈറസ് വ്യാപനം തടഞ്ഞ് പൊതുജന ആരോഗ്യം ഉറപ്പാക്കുകയാണ് ലക്ഷ്യമാക്കുന്നത് .

റിപ്പോർട്ട് : അനിൽ സി ഇടിക്കുള