കേരളത്തിലേക്ക് നേരിട്ട് വിമാനസർവീസ്; കേന്ദ്രമന്ത്രി വി മുരളീധരൻ ഉറപ്പു നൽകി

12:57 AM Jun 02, 2020 | Deepika.com
കോവിഡ് പ്രതിസന്ധിയിൽ കേരളത്തിൽ എത്താൻ ആവാതെ വിഷമിക്കുന്ന അമേരിക്കൻ മലയാളികളെ സഹായിക്കാനായി ജൂൺ പകുതിയോടുകൂടി കേരളത്തിലേക്ക് നേരിട്ട് വിമാനസർവീസ് നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി വിദേശകാര്യ സഹ‌മന്ത്രി വി മുരളീധരൻ. ഫോമായുടെ വെബിനാറിലൂടെ അമേരിക്കൻ മലയാളികളോട് സംസാരിക്കവേ ആണ് അമേരിക്കൻ മലയാളികളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകിയത്.

അമേരിക്കയിലെ പ്രധാന നഗരങ്ങളായ ന്യൂയോർക്ക് ഷിക്കാഗോ, സാൻഫ്രാൻസിസ്കോ, വാഷിംഗ്ടൺ ഡിസി എന്നിവിടങ്ങളിൽ നിന്നും കൂടുതൽ വിമാനസർവീസുകൾ അനുവദിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. ഈ സാഹചര്യത്തിൽ ഏതെങ്കിലും ഒരു നഗരത്തിൽനിന്ന് യാത്ര ചെയ്യുവാനായി ഒരു വിമാനത്തിൽ കുറയാതെയുള്ള യാത്രക്കാർ ഉണ്ടാവുകയും അത്രയും ആളുകൾ രജിസ്റ്റർ ചെയ്തിട്ടുമുണ്ടെങ്കിൽ ആ നഗരത്തിൽനിന്നും കൂടുതൽ വിമാനസർവീസുകൾ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയിരുന്നു. ഇതേ തുടർന്നാണ് റ്റി. ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിൽ ഫോമാ ടീം നടത്തിയ ചർച്ചകളിൽ ആണ് ജൂൺ പകുതിയോടു കൂടി കേരളത്തിലേക്ക് വിമാനസർവീസ് അനുവദിക്കാൻ തീരുമാനമായത്.

നേരിട്ട് വിമാന സർവീസ് എന്ന ആവശ്യത്തിന് ഉറപ്പുനൽകിയ കേന്ദ്രമന്ത്രിക്കു പ്രത്യേകം നന്ദി അറിയിക്കുന്നതായി ഫോമാ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തിൽ, സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറർ ഷിനു ജോസഫ്, വൈസ് പ്രസിഡന്‍റ് വിൻസന്‍റ് ബോസ് മാത്യു, ജോയിന്‍റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്‍റ് ട്രഷറർ ജെയിൻ കണ്ണച്ചാൻപറമ്പിൽ എന്നിവർ അറിയിച്ചു.