അബുദാബി: കൊറോണ വ്യാപനത്തെ പ്രതിരോധിക്കാനായി ഏർപ്പെടുത്തിയ രാജ്യാന്തര യാത്രാ വിലക്കിൽ കുടുങ്ങിയ പ്രവാസികൾക്കായി യുഎഇ കെഎംസിസി ഏർപ്പെടുത്തുന്ന ചാർട്ടേർഡ് വിമാനങ്ങൾ വിവിധ എമിറേറ്റുകളിൽ നിന്നും അടുത്ത ദിവസങ്ങളിലായി പറന്നുയരും. ജൂണ്‍ 1ന് ചൊവ്വാഴ്ച രാവിലെ ഷാർജ-അഴീക്കോട് മണ്ഡലം കഐംസിസിയുടെയും ജൂണ്‍ 2 ബുധനാഴ്ച ദുബായ്-മലപ്പുറം ജില്ലാ കെ എംസിസിയുടെയും വിമാനങ്ങൾ പറന്നുയരും. റാസൽഖൈമ എയർപോർട്ടിൽ നിന്ന് കോഴിക്കോട്ടേക്കാണ് രണ്ടു വിമാനങ്ങളും പറക്കുക. രണ്ടു വിമാനങ്ങളും രാവിലെ 5 മണിക്കാണ് റാസൽഖൈമ എയർപോർട്ടിൽ നിന്ന് പുറപ്പെടുക. റാസൽഖൈമ എയർപോർട്ടിലേക്ക് ദുബായിൽ നിന്ന് ഗതാഗത സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
അബുദാബി, ദുബായ്, ഷാർജ ഉൾപ്പെടെ വിവിധ എമിറേറ്റുകളിലെ കെഎംസിസി ഘടകങ്ങളുടെ കീഴിൽ തുടർന്നുള്ള ദിവസങ്ങളിലും വിമാനങ്ങൾ കേരളത്തിലേക്ക് പുറപ്പെടുന്നതാണ്. വിമാന സർവീസ് ലഭ്യമാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ, ജന.സെക്രട്ടറി നിസാർ തളങ്കര, ചാർട്ടേർഡ് ഫ്ളൈറ്റ് കോഓർഡിനേറ്റർ ഫൈസൽ അഴീക്കോട് എന്നിവർ അറിയിച്ചു.
ചൊവ്വാഴ്ച പുറപ്പെടുന്ന വിമാനത്തിൽ യാത്ര ചെയ്യാനുള്ള ആദ്യ ടിക്കറ്റ് യുഎഇ കെ എംസിസി രക്ഷാധികാരി എ.പി ഷംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ വിതരണം ചെയ്തു. ചടങ്ങിൽ ഷാർജ കഐംസിസി ആക്ടിംഗ് പ്രസിഡന്റ് കബീർ ചാന്നാങ്കര, ജന.സെക്രട്ടറി അബ്ദുൽ ഖാദർ ചക്കനാത്ത് എന്നിവർ സന്നിഹിതരായിരുന്നു.
മുസ്ലിം ലീഗ് നേതാക്കളായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എംപി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവരുമായി കഐംസിസി രക്ഷാധികാരി എ.പി ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ, പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ, പി.കെ അൻവർ നഹ, ഡോ. അൻവർ അമീൻ എന്നിവർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ചാർട്ടേർഡ് ഫ്ളൈറ്റുകളുടെ അനുമതിക്കായി അപേക്ഷ സമർപ്പിച്ചിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടി എംപിയുടെ ഡൽഹി ഓഫീസ് നടത്തിയ നീക്കമാണ് സർവീസുകൾ വേഗത്തിലാക്കാൻ സഹായകമായത്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
കെഎംസിസി ചാർട്ടേർഡ് വിമാനങ്ങൾ ചൊവ്വാഴ്ച പറക്കും; എമിറേറ്റുകൾ അടിസ്ഥാനമാക്കി സർവീസുകൾ
02:37 AM Jun 01, 2020 | Deepika.com