ഓസ്റ്റിനിൽ സ്റ്റേ അറ്റ് ഹോം ഉത്തരവ് ജൂൺ 15 വരെ നീട്ടി

02:28 PM May 30, 2020 | Deepika.com
ഓസ്റ്റിൻ: ടെക്സസ് സംസ്ഥാന തലസ്ഥാനമായ ഓസ്റ്റിൻ സിറ്റിയിലെ സ്റ്റേ അറ്റ് ഹോം ഉത്തരവ് ജൂൺ 15 വരെ നീട്ടിയതായി മേയർ സ്റ്റീവ് ആഡ്‍ലർ അറിയിച്ചു. മേയ് 30 നു (ശനി) രാത്രി 11.59 മുതൽ ഉത്തരവ് നിലവിൽ വരുമെന്നും മേയർ പറഞ്ഞു.

കൊറോണ വൈറസ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അത്യാവശ്യങ്ങൾക്കല്ലാതെ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നത് സുരക്ഷിതമല്ലെന്നും ജനങ്ങൾ പരമാവധി സഹകരിക്കണമെന്നും സാമൂഹിക അകലം പാലിക്കുന്നതിനും മാസ്ക്കുകൾ ധരിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കണമെന്നും മേയർ അഭ്യർഥിച്ചു.

ട്രാവിസ് കൗണ്ടിയിൽ ഇതുവരെ 3124 പോസിറ്റീവ് കേസുകളും 92 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ടെക്സസ് ഗവർണർ നിർദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുതന്നെ ലോക്കൽ ബോഡി കൈകൊള്ളുന്ന സുരക്ഷിതത്വ ക്രമീകരണങ്ങളും നടപ്പാക്കുന്നതിന് നിയമം അനുശാസിക്കുന്ന എല്ലാ നടപടികളും സ്വീകരിക്കുമെന്നും മേയർ പറഞ്ഞു. പത്തു പേരിൽ കൂടുതൽ ഒന്നിച്ചു ചേരുന്നതും ഒഴിവാക്കണം. സ്ഥിതിഗതികൾ വിലയിരുത്തിയതിനു ശേഷം ജൂൺ 15ന് ഉത്തരവിൽ മാറ്റം വരുത്തണമോ എന്നു നിശ്ചയിക്കുമെന്നും മേയർ അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ