പ്രവാസികളോടുള്ള സർക്കാർ നിലപാട് അപലപനീയം: ഒഐസിസി റിയാദ്

11:47 PM May 27, 2020 | Deepika.com
റിയാദ്: കോവിഡ് ഭീഷണി മൂലം ജോലി നഷ്ടപ്പെട്ട് സ്വന്തം ചെലവിൽ വിമാന ടിക്കറ്റ് എടുത്ത് നാട്ടിലെത്തുന്ന പ്രവാസികളെ നിർബന്ധമായും ക്വാറന്‍റൈൻ ചെയ്യണമെന്നും അതിന്‍റെ ചെലവ് പാവപ്പെട്ട പ്രവാസികൾ തന്നെ വഹിക്കണമെന്നുമുള്ള സർക്കാരിന്‍റെ നിലപാട് അങ്ങേയറ്റം അപലപനീയമാണെന്ന് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.

പ്രവാസികൾ രോഗ വാഹകരാണെന്നു പറഞ്ഞു പ്രവാസികളെ അധിക്ഷേപിക്കുന്ന മന്ത്രിമാരാണ് നമ്മുടെ സംസ്ഥാനത്തുള്ളത്. സംസ്ഥാനത്ത് എന്തെങ്കിലും ദുരന്തം വരുമ്പോ ആദ്യം പ്രവാസികളെ സമീപിക്കുന്ന ഇത്തരത്തിലുള്ള വഞ്ചകരെ ജനം തിരിച്ചറിയണമെന്ന് സെൻട്രൽ കമ്മിറ്റി വാർത്താക്കുറിപ്പിൽ പറഞ്ഞു. പ്രവാസികളെ ഇത്രത്തോളം ചൂഷണം ചെയുകയും വഞ്ചിക്കുകയും ചെയ്ത സർക്കാർ ഉണ്ടായിട്ടില്ലന്നും ജനം ഇത് തിരിച്ചറിയുമെന്നും ഒഐസിസി ഭാരവാഹികൾ പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ