പ്രവാസികളുടെ ക്വാറന്‍റൈൻ ഫീസ് പിൻവലിക്കണം: ജെസിസി കുവൈറ്റ്

11:31 PM May 27, 2020 | Deepika.com
കുവൈത്ത്: കോവിഡ് പ്രതിസന്ധി മൂലം ജോലി നഷ്ട്പ്പെട്ടും വീസ കാലാവധി കഴിഞ്ഞും മാസങ്ങളോളം വരുമാനമില്ലാതെ കഴിച്ചുകൂട്ടി നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തിൽ, പ്രവാസികളിൽ നിന്നും ക്വാറന്‍റൈൻ ഫീസ് ഈടാക്കുവാനുള്ള കേരള സർക്കാരിന്‍റെ തീരുമാനം പ്രതിഷേധാർഹം ആണെന്ന് ജനതാ കൾച്ചറൽ സെന്‍റർ (ജെസിസി) കുവൈറ്റ്.

ഇത്തരത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഭൂരിപക്ഷം പ്രവാസികളും നാട്ടിലേക്ക് മടങ്ങുന്നത് മറ്റുള്ളവരുടെ സഹായത്താലാണ്. മാത്രമല്ല യാതൊരു സാമ്പത്തിക ഭദ്രതയും ഇല്ലാതെയാണ് ഇവരുടെ മടക്കം. ഈ വിഷയങ്ങളെല്ലാം പരിഗണിച്ചു ക്വാറന്‍റൈൻ ഫീസ് ഈടാക്കുവാനുള്ള തീരുമാനത്തിൽ നിന്നും അടിയന്തരമായി സർക്കർ പിൻമാറണം. ഈ വിഷയത്തിലുള്ള പ്രതിഷേധം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ