കുവൈത്ത് സിറ്റി: കോവിഡ് ബാധിച്ചു മരിച്ച പ്രവാസി ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് കമ്യുണിറ്റി വെല്‍ഫെയര്‍ ഫണ്ടിൽ നിന്നും സഹായ ധനം നൽകണമെന്ന് കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത് ആവശ്യപ്പെട്ടു. ഇന്ത്യൻ കമ്മ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പിന്റെ ഭക്ഷ്യ വിതരണ പദ്ധതിയുടെ ജലീബ് മേഖല കൂടിയാലോചനാ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്യുണിറ്റി വെല്‍ഫെയര്‍ ഫണ്ട് ചെലവാക്കുന്നതുമായി ബന്ധപ്പെട്ട് പാവപ്പെട്ട പ്രവാസികൾക്ക് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് നൽകുന്നതിനു തടസമില്ലെന്ന കേരള ഹൈക്കോടതി വിധി വന്ന ദിവസം ഇന്ത്യൻ അംബാസഡർ ജീവ സാഗർ വേദിയിലിരിക്കെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
വിവിധ പ്രവാസി സംഘടനകൾ നിരന്തരം ആവശ്യപ്പെടുന്ന കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിന്റെ കാര്യത്തിൽ കോടതിയുടെ ഇടപെടല്‍ സ്വാഗതാർഹമാണെന്നു പറഞ്ഞ അദ്ദേഹം, കെഎംസിസി നാട്ടിൽ നിന്നും മരുന്നെത്തിച്ചു നൽകുന്ന പദ്ധതിയിക്ക് എംബസി നൽകുന്ന സഹായത്തിനു പ്രത്യേകം നന്ദിയും പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖ് പേരാമ്പ്ര, സെക്രട്ടറി മുഷ്താഖ്, എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കൊവിഡ് ബാധിച്ചു മരിച്ച പ്രവാസി ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് സഹായധനം നൽകണം: ഷറഫുദ്ദീൻ കണ്ണേത്ത്
01:42 PM May 26, 2020 | Deepika.com