പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ സൗകര്യം ഒരുക്കണം:ആർഎസ് സി

09:32 PM Apr 09, 2020 | Deepika.com
കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യാന്തര വിമാനങ്ങൾ നിർത്തിവച്ച സാഹചര്യത്തിൽ യാത്ര മുടങ്ങുകയും നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുകയും ചെയ്യുന്ന പ്രവാസികൾക്ക് യാത്രക്കുള്ള സൗകര്യം ഒരുക്കണമെന്ന് റിസാല സ്റ്റഡി സർക്കിൾ അധികാരികളോട് ആവശ്യപ്പെട്ടു.

നാട്ടിലെ സ്ഥിതിഗതികളെക്കുറിച്ച് ബോധവാന്മാരാണ് പ്രവാസികൾ. എങ്കിലും ക്വാറന്‍റൈൻ ഉൾപ്പെടെയുള്ള മുൻകരുതൽ കാലയളവ് നാട്ടിൽ കഴിയണമെന്ന് ആഗ്രഹിക്കുന്നവരാണ് പലരും. നിലവിൽ അറബ് രാജ്യങ്ങൾ അടിയന്തര സേവനങ്ങൾക്ക് അനുമതി നല്കിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ നിലനിൽക്കുന്ന ലോക്ഡൗൺ കാരണം യാത്രാ വിമാനങ്ങൾ ഇറങ്ങാനുള്ള സാഹചര്യമില്ല.

ഉറ്റവർക്കും മറ്റും സംഭവിക്കുന്ന അത്യാഹിത സമയങ്ങളിലോ സ്വയം സുരക്ഷയും അഭയവും ഉറപ്പിക്കുന്നതിനോ പ്രവാസികൾ സ്വന്തം ദുഃഖം കടിച്ചമർത്തി കഴിയേണ്ട അവസ്ഥയാണ്. ഇത് പരിഹരിക്കുന്നതിന് എല്ലാ ക്രമീകരണങ്ങളോടും കൂടി കേന്ദ്ര - സംസ്ഥാന സർക്കാറുകൾ അടിയന്തര പ്രാധാന്യത്തോടെ ഇടപെടണമെന്ന് ആർ എസ് സി ഗൾഫ് കൗൺസിൽ ആവശ്യപ്പെട്ടു.

വാർഷിക അവധി നേരത്തേ എടുത്ത് അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങാൻ സ്വകാര്യ കമ്പനികൾ ജോലിക്കാർക്ക് അനുമതി നല്കിയിട്ടുണ്ട്. ഒപ്പം വിവിധ പ്രവാസി സംഘടനകൾ ചാർട്ടേർഡ് വിമാനങ്ങൾ തയാർ ചെയ്യാനുള്ള ഒരുക്കത്തിലുമാണ്. രാജ്യത്തിന്‍റെ സമ്പദ്ഘടനയിൽ മുഖ്യചാലകമായ പ്രവാസികളുടെ പ്രശ്നങ്ങൾക്ക് വിദേശകാര്യ മന്ത്രാലയവും സിവിൽ ഏവിയേഷൻ അതോറിറ്റിയും സത്വര നടപടികൾ കൈക്കൊള്ളണമെന്നും റിസാല സ്റ്റഡി സർക്കിൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

റിപ്പോർട്ട്: സലിം കോട്ടയിൽ